വിഴിഞ്ഞത്ത് അസംബ്ളിംഗ് ക്ളസ്‌റ്റർ വികസിപ്പിക്കുമെന്ന് മന്ത്രി പി.രാജീവ്

Friday 04 October 2024 12:44 AM IST

വിഴിഞ്ഞം: വിഴിഞ്ഞം തുറമുഖത്തിനടുത്ത് കാച്ച്‌മെന്റ് ഏരിയയും അസംബ്ളിംഗ് ക്ലസ്റ്ററും വികസിപ്പിക്കുമെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു. വിഴിഞ്ഞം തുറമുഖത്തിന് ചുറ്റുമായി വ്യവസായ പ്രവർത്തനങ്ങളുടെ കേന്ദ്രമായാണ് കാച്ച്‌മെന്റ് ഏരിയ വികസിപ്പിക്കുന്നത്. തുറമുഖത്ത് ഘടക സാമഗ്രികൾ എത്തിച്ച് ഉത്പന്നമാക്കി കയറ്റി അയക്കാൻ അസംബ്ളിംഗ് യൂണിറ്റുകളുടെ ക്ലസ്റ്ററും വികസിപ്പിക്കും.

തുറമുഖത്തിന്റെ സാദ്ധ്യതകൾ ഉപയോഗപ്പെടുത്തുന്നതിന് ലോജിസ്റ്റിക് പാർക്കുകൾ സ്ഥാപിക്കുമെന്നും പി.രാജീവ് പറഞ്ഞു. 20 കി.മീറ്ററിൽ ഒരു ലോജിസ്റ്റിക് പാർക്കെന്ന നിലയിലാണ് വിഭാവനം ചെയ്യുന്നത്. കിൻഫ്രയുടെ പാർക്കും പരിഗണനയിലാണ്. പാലക്കാട് വ്യവസായ സ്മാർട്ട് സിറ്റിയും വിഴിഞ്ഞവും ബന്ധപ്പെടുത്തിയുള്ള സാദ്ധ്യതകളും പരിശോധിക്കും. ലാൻഡ് പൂളിംഗിലൂടെ വ്യവസായ വികസനത്തിന് ഭൂമി കണ്ടെത്തും. ലാൻഡ് പൂളിംഗ് ചട്ടങ്ങൾ പുറത്തിറക്കിയതോടെ നടപടികളുടെ വേഗം വർദ്ധിച്ചെന്ന് മന്ത്രി പറഞ്ഞു.

വിഴിഞ്ഞം തുറമുഖ ഓഫീസും ടെർമിനലും മന്ത്രി സന്ദർശിച്ചു.

വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, കെ.എസ്.ഐ.ഡി.സി മാനേജിംഗ് ഡയറക്ടർ എസ്. ഹരികിഷോർ, വിഴിഞ്ഞം പോർട്ട് എം.ഡി ദിവ്യ എസ്. അയ്യർ, അദാനി പോർട്സ് സി.ഇ. ഒ പ്രണവ് ചൗധരി, അദാനി വിഴിഞ്ഞം പോർട്ട് സി.ഇ. ഒ പ്രദീപ് ജയരാമൻ തുടങ്ങിയവർ പങ്കെടുത്തു