കീരിക്കാടൻ ജോസ് മടങ്ങിപ്പോയി,​ നടൻ മോഹൻരാജ് അന്തരിച്ചു

Friday 04 October 2024 4:36 AM IST

തിരുവനന്തപുരം: കിരീടം സിനിമയിലെ കീരിക്കാടൻ ജോസിനെ ഉജ്ജ്വലമാക്കിയ നടൻ മോഹൻരാജ് അന്തരിച്ചു. 69 വയസായിരുന്നു. പാർക്കിൻസൺസ് രോഗത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. തിരുവനന്തപുരം കാഞ്ഞിരംകുളത്തെ വീടായ സുകുമാരൻ നികേതനിൽ ഇന്നലെ വൈകിട്ട് 3.25 നായിരുന്നു അന്ത്യം. പരേതനായ സുകുമാരന്റെയും (റിട്ട.ഡിവൈ.എസ്.പി) പങ്കജാക്ഷിയുടെയും രണ്ടാമത്തെ മകനാണ്. സംസ്‌കാരം ഇന്നു വൈകിട്ട് വീട്ടുവളപ്പിൽ.
12 വർഷമായി ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അവിടെ നിന്ന് ആയുർവേദ ചികിത്സയ്ക്കായി ഒരു വർഷം മുമ്പാണ് തിരുവനന്തപുരത്ത് എത്തിയത്. തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു ഒടുവിൽ ചികിത്സ. എൻഫോഴ്സ്‌മെന്റ് അസിസ്റ്റന്റ് കമ്മിഷണറായി ചെന്നൈയിൽ ജോലി ചെയ്യുമ്പോഴാണ് സിനിമയിലെത്തിയത്. 'കഴുമലൈ കള്ളൻ" എന്ന തമിഴ് സിനിമയിലൂടെയായിരുന്നു അരങ്ങേറ്റം. കെ. മധു സംവിധാനം ചെയ്ത 'മൂന്നാം മുറ" യിലൂടെ മലയാളത്തിലെത്തി. സംവിധായകൻ കലാധരനാണ് മോഹൻരാജിനെ സിബി മലയിലിനും ലോഹിതദാസിനും പരിചയപ്പെടുത്തിയത്. 'കിരീടത്തിലെ പ്രധാന വില്ലനെ അവതരിപ്പിക്കാനിരുന്ന നടൻ എത്താതിരുന്നതിനെ തുടർന്നാണ് മോഹൻരാജിന് അവസരം ലഭിച്ചത്. അങ്ങനെയാണ് കീരിക്കാടൻ ജോസ് ഉജ്ജ്വലമായത്. കിരീടത്തിന്റെ തുടർച്ചയായ ചെങ്കോലിലും മോഹൻരാജ് കഥാപാത്രമായി. മലയാളം,​ തമിഴ്,​ തെലുങ്ക് ഭാഷകളിലായി 75 ചിത്രങ്ങളിൽ അഭിനയിച്ചു.

ഭാര്യ: ഉഷ (ഹഡ്‌കോ,​ ചെന്നൈ). മക്കൾ: ജെയ്ഷ്മ (എം.ടെക് വിദ്യാർത്ഥി,​ കാനഡ), കാവ്യ (ഫാഷൻ ഡിസൈനിംഗ് കമ്മ്യൂണിക്കേഷൻസ് കോഴ്സ്,​ ചെന്നൈ).