ഹേമ റിപ്പോർട്ടിൽ ഹൈക്കോടതി, നിയമ നടപടിക്ക് ഇരകളെ നിർബന്ധിക്കാൻ ആവില്ല

Friday 04 October 2024 12:00 AM IST

കൊച്ചി: കേസുമായി മുന്നോട്ടുപോകാൻ താത്പര്യമില്ലെന്ന് ഹേമ കമ്മിറ്റിക്ക് മുമ്പാകെ മൊഴി നൽകിയവർ പറഞ്ഞാൽ നിർബന്ധിക്കാനാവുമോയെന്ന് ഹൈക്കോടതി. നിയമനടപടിയുമായി മുന്നോട്ടു പോകണോ വേണ്ടയോ എന്ന് ഇരകളാണ് തീരുമാനിക്കേണ്ടത്. കുറ്റവാളികൾക്കെതിരെ നടപടിയെടുക്കാനും ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാനും പരാതിക്കാരുടെ സഹകരണം ആവശ്യമാണ്. പരാതിക്കാർ ഇതിനു തയ്യാറാകാതെ അന്വേഷണം മുന്നോട്ടുപോകില്ലെന്നും ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി.എസ്.സുധ എന്നിവരടങ്ങിയ ഡിവിഷൻബെഞ്ച് വ്യക്തമാക്കി.


പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) മുദ്രവച്ച കവറിൽ നൽകിയ റിപ്പോർട്ടിലാണ്, പരാതിക്കാർ മൊഴികളിൽ ഉറച്ചുനിൽക്കുകയാണെങ്കിലും കേസുമായി മന്നോട്ടുപോകാൻ താത്പര്യമില്ലെന്ന് പറയുന്നതായി അറിയിച്ചത്. വിവരം ലഭിച്ചാൽ പൊലീസിന് കേസെടുത്ത് അന്വേഷിക്കാമെന്നിരിക്കെ എസ്.ഐ.ടി നിലപാട് ശരിയല്ലെന്ന് ഹർജിക്കാരുടെ അഭിഭാഷകർ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു കോടതിയുടെ പ്രതികരണം. മൊഴി നൽകിയവർക്ക് താത്പര്യമില്ലെങ്കിൽ അന്വേഷണവുമായി മന്നോട്ട് പോകാനാവില്ലെന്ന് അഡ്വക്കേറ്റ് ജനറൽ കെ. ഗോപാലകൃഷ്ണ കുറുപ്പും അറിയിച്ചു.

അന്വേഷണ സംഘത്തിന് ഇരകൾ നൽകിയ മൊഴി ഒരു ചാനൽ പുറത്തിവിട്ടെന്ന ആരോപണം വനിതാകമ്മിഷനു വേണ്ടി ഹാജരായ അഭിഭാഷക ഉന്നയിച്ചപ്പോൾ, ഹേമ കമ്മിറ്റിക്കോ എസ്.ഐ.ടിക്കോ നൽകിയ മൊഴികൾ റിപ്പോർട്ട് ചെയ്താൽ ഗൗരവമായി കാണുമെന്ന് കോടതി പറഞ്ഞു. ഹർജികൾ 14ന് വീണ്ടും പരിഗണിക്കും.

'അന്വേഷിക്കണം

എന്നാണ് ചട്ടം'
കുറ്റകൃത്യത്തെക്കുറിച്ച് വിവരം ലഭിച്ചാൽ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്നാണ് ചട്ടമെന്ന് ഹർജിക്കാർക്കുവേണ്ടി ഹാജരായ അഡ്വ.ടി.അസഫലി ബോധിപ്പിച്ചു. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും, അന്വേഷണവുമായി മന്നോട്ടുപോകാൻ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നാണ് എസ്.ഐ.ടി അറിയിച്ചതെന്നും കോടതി വ്യക്തമാക്കി.

പ്രത്യേക അന്വേഷണ സംഘത്തിലെ എസ്.അജിത ബീഗം, ജി.പൂങ്കുഴലി എന്നിവരിൽ നിന്ന് കോടതി വിവരങ്ങൾ ചോദിച്ചറിഞ്ഞു.

പ്രത്യേക നയം

പരിഗണനയിൽ
സിനിമ മേഖലയിലെ വനിതകളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ പ്രത്യേക നയം രൂപീകരിക്കുന്നതടക്കം പരിഗണനയിലുണ്ടെന്ന് സർക്കാർ അറിയിച്ചു. ഇതിലെ നിർദ്ദേശങ്ങൾ പരിശോധിച്ച് സാദ്ധ്യതകൾ അറിയിക്കാൻ കോടതി നിർദ്ദേശംനൽകി.