16 സ്റ്റേഷനുകളിലായി 33 ലിഫ്റ്റുകൾ; നിർമ്മാണം അന്തിമഘട്ടത്തിൽ

Friday 04 October 2024 1:41 AM IST
പാലക്കാട് ടൗൺ റെയിൽവേ സ്റ്റേഷനിൽ യാത്രക്കാ‌ർക്കുള്ള ലിഫ്റ്റിന്റെ നിർമ്മാണം പുരോഗമിക്കുന്നു.

പാലക്കാട്: ഷൊർണൂ‌ർ,​ പാലക്കാട് ടൗൺ ഉൾപ്പെടെ 16 റെയിൽവേ സ്റ്റേഷനുകളിൽ യാത്രക്കാർക്കായുള്ള ലിഫ്റ്റുകളുടെ നിർമ്മാണം അവസാനഘട്ടത്തിലാണെന്ന് പാലക്കാട് റെയിൽവേ ഡിവിഷൻ അറിയിച്ചു. പള്ളിപ്പുറം സ്റ്റേഷനിലെ ലിഫ്റ്റിന്റെ നിർമ്മാണം 85 ശതമാനം പൂർത്തിയായി. 80 ശതമാനം പണി പൂർത്തിയായ പട്ടാമ്പി,​ പരപ്പനങ്ങാടി സ്റ്റേഷനുകളാണ് തൊട്ടുപിന്നിൽ. ഇവിടെ പെയിന്റിംഗ് ഉൾപ്പെടെ അവസാനഘട്ടത്തിലാണ്. നീലേശ്വരം, ചെറുവത്തൂർ സ്റ്റേഷനുകളിൽ 70 ശതമാനത്തിലേറെ ജോലികൾ പൂ‌ർത്തിയായി. ഷൊർണൂരിൽ 6/7 പ്ലാറ്റ്ഫോമിലും പുതിയ ഫൂട്ട് ഓവർ ബ്രിഡ്ജിനു സമീപവുമാണ് ലിഫ്റ്റ് സ്ഥാപിക്കുന്നത്. പാലക്കാട് ടൗൺ റെയിൽവേ സ്റ്റേഷനിൽ ഒന്നാം പ്ലാറ്റ്ഫോമിലും 2/3 പ്ലാറ്റ്‌ഫോമിലും പട്ടാമ്പിയിൽ പ്ലാറ്റ്‌ഫോം ഒന്നിലും രണ്ടിലുമാണ് പുതിയ ലിഫ്റ്റ് വരുന്നത്. പയ്യന്നൂരിൽ മൂന്നും ബാക്കി സ്റ്റേഷനുകളിൽ രണ്ടും വീതം ആകെ 33 ലിഫ്റ്റുകളാണ് സ്ഥാപിക്കുന്നത്. യാത്രക്കാർക്കുള്ള സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി 18.80 കോടി രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കുന്നത്. എല്ലാ സ്റ്റേഷനുകളിലെയും ലിഫ്റ്റുകളുടെ നിർമ്മാണം ഈ മാസം അവസാനത്തോടെ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

 ലിഫ്റ്റ് സ്ഥാപിക്കുന്ന സ്റ്റേഷനുകൾ(എണ്ണം, ചെലവ് ക്രമത്തിൽ)

കൊയിലാണ്ടി(2)- 95.26 ലക്ഷം, 2. തിരൂർ(2)-94.26 ലക്ഷം, ഷൊർണൂർ ജംഗ്ഷൻ(2)-1.01 കോടി, പള്ളിപ്പുറം(2)-1.5 കോടി, താനൂർ(2)-1.37 കോടി, പഴയങ്ങാടി(2)-1.06 കോടി, പാലക്കാട് ടൗൺ(2)-1.09 കോടി, പരപ്പനങ്ങാടി(2)-1.32 കോടി, ഫറോക്ക്(2)-1.07 കോടി, മാഹി(2)-1.25 കോടി, നീലേശ്വരം(2)-1.36 കോടി, ചെറുവത്തൂർ(2)-1.06 കോടി, കണ്ണപുരം(2)-1.08 കോടി, പട്ടാമ്പി(2)-1.23 കോടി, കുമ്പള(2)-1.06 കോടി, പയ്യന്നൂർ(3)-1.43 കോടി.