മുഖ്യമന്ത്രി സ്ഥാനം വീണയെ ഏൽപ്പിക്കണം; അൻവർ

Friday 04 October 2024 12:27 AM IST

#ആവശ്യമെങ്കിൽ എം.എൽ.എ സ്ഥാനമൊഴിയും

മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയൻ സ്ഥാനം ഒഴിയണമെന്നും അതിന് പ്രയാസമുണ്ടെങ്കിൽ മകൾ വീണയ്‌ക്കോ മന്ത്രി പി.എ. മുഹമ്മദ് റിയാസിനോ മുഖ്യമന്ത്രി സ്ഥാനം കൈമാറണമെന്നും പി.വി. അൻവർ എം.എൽ.എയുടെ പരിഹാസം.

ബിഹാറിൽ ലാലുപ്രസാദ് യാദവ് ഒരുഘട്ടത്തിൽ എഴുത്തും വായനയും അറിയാത്ത ഭാര്യയെയാണ് മുഖ്യമന്ത്രി സ്ഥാനം ഏൽപ്പിച്ചത്. വീണയ്‌ക്ക് അത്യാവശ്യം വിദ്യാഭ്യാസമൊക്കെയുണ്ട്. അവരെ ഏൽപ്പിക്കട്ടെ. ബാക്കി പാർട്ടി ഏറ്റെടുത്തോളും. പാർട്ടിക്ക് വീണയെ ജയിപ്പിക്കാൻ കഴിയുമല്ലോ. എങ്ങനെയെങ്കിലും കേരളത്തെ രക്ഷപ്പെടുത്തിയാൽ മതി. അതിനുള്ള മഹാമനസ്‌കത മുഖ്യമന്ത്രി കാണിക്കട്ടെ. തനിക്ക് ശേഷം പ്രളയമെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. മലപ്പുറത്തെക്കുറിച്ച് പറഞ്ഞത് അദ്ദേഹത്തിന്റെ നിലപാടാണ്. ചർച്ചയായപ്പോൾ നാടകമാക്കി മാറ്റുന്നത് മുഖ്യമന്ത്രിയുടെ ഓഫീസാണ്. ഇത്രയും വലിയ പ്രതിസന്ധിയുണ്ടായിട്ട് പി.ആർ ഏജൻസിക്കെതിരെയോ ഹിന്ദു പത്രത്തിനെതിരെയോ നിയമനടപടി സ്വീകരിക്കാൻ തയ്യാറാകുന്നില്ല. ഉത്തരം നൽകുന്നതിൽ നിന്ന് രക്ഷപ്പെടാനാണ് മുഖ്യമന്ത്രി മറുപടി ചിരിയിലൊതുക്കുന്നത്.
സ്വന്തമായി നിൽക്കാൻ ശേഷിയില്ലാത്ത കെ.ടി. ജലീൽ മറ്റുള്ളവരുടെ കാലിലാണ് നിൽക്കുന്നത്. തനിക്കെതിരായ ജലീലിന്റെ നിലപാടിൽ അദ്ദേഹത്തെ കുറ്റം പറയാനില്ല. ജലീലിനെ ആരെങ്കിലും ഭീഷണിപ്പെടുത്തിയത് കൊണ്ടാവാം പിന്മാറിയത്. രാഷ്ട്രീയ പാർട്ടി രൂപീകരണം മൂലം നിയമതടസമുണ്ടായാൽ വേണ്ടി വന്നാൽ എം.എൽ.എ സ്ഥാനം

രാജി വയ്ക്കും. പാർട്ടി രൂപീകരണ ജില്ലാതല യോഗം ഞായറാഴ്ച വൈകിട്ട് മഞ്ചേരിയിലുണ്ടാകും. പുതിയ പാർട്ടിയെ ഏതെങ്കിലും മുന്നണിയുടെ ഭാഗമാക്കില്ല. പാർട്ടി രൂപീകരണം പ്രഖ്യാപിച്ചതിന് പിന്നാലെ നിരവധി നേതാക്കൾ ബന്ധപ്പെട്ടിരുന്നു. എല്ലാവർക്കും ജീവഭയമാണ്. ഭാവിയിൽ കൂടെ നിൽക്കാമെന്നും പറഞ്ഞിട്ടുണ്ട്. നിയമസഭയിൽ സ്പീക്കർ നിർദ്ദേശിക്കുന്ന സ്ഥലത്ത് പോയി ഇരിക്കുമെന്നും അൻവർ പറഞ്ഞു.