കരിപ്പൂര്‍ വിമാനത്താവളത്തിലെ നിര്‍ണായക ഘട്ടം, അനുമതി നല്‍കാതെ നീട്ടുന്നു

Friday 04 October 2024 12:59 AM IST

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളം റണ്‍വേ എന്‍ഡ് സേഫ്റ്റി ഏരിയയുടെ (റെസ) നീളം കൂട്ടുന്ന പ്രവൃത്തികള്‍ക്ക് ആവശ്യമായ മണ്ണെടുക്കാനുള്ള ജിയോളജി വകുപ്പിന്റെ അനുമതി നീളുന്നു. മണ്ണെടുക്കാന്‍ 75 സ്ഥലങ്ങള്‍ കണ്ടെത്തിയെങ്കിലും 16 ഇടങ്ങളില്‍ മാത്രമാണ് സ്റ്റേറ്റ് എന്‍വിറോണ്‍മെന്റല്‍ ഇംപാക്ട് അസസ്മെന്റ് അതോറിറ്റിയുടെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടുള്ളത്. ഇവയുടെ ലിസ്റ്റ് ഒരുമാസം മുമ്പ് ജില്ലാ ജിയോളജി വകുപ്പിന് കൈമാറിയിട്ടുണ്ട്.

കൊണ്ടോട്ടി, മൊറയൂര്‍, കുഴിമണ്ണ, പുല്‍പ്പറ്റ, വാഴക്കാട്, ചീക്കോട്, പൂക്കൊളത്തൂര്‍, മുതുവല്ലൂര്‍, പൂക്കോട്ടൂര്‍, ചെറുകാവ്, പുളിക്കല്‍, വിളയില്‍, മുണ്ടക്കല്‍, ഓമാനൂര്‍, കക്കാട്, ചെറുവായൂര്‍ എന്നിവിടങ്ങളാണ് മണ്ണെടുക്കാനുള്ള ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ജിയോളജിസ്റ്റ്, മറ്റ് വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരെത്തി സ്ഥലം പരിശോധിക്കണം. എന്‍വിറോണ്‍മെന്റല്‍ ഇംപാക്ട് അസസ്മെന്റ് അതോറിറ്റിയില്‍ നിന്ന് ലഭിച്ച രേഖകള്‍ കൃത്യമാണോ എന്നത് പരിശോധിക്കും. മണ്ണെടുക്കുന്ന സ്ഥലത്തിന് 50 മീറ്റര്‍ ദൂരപരിധിയിലുള്ളവരുടെ സമ്മതവും ആവശ്യമാണ്. പാരിസ്ഥിത പ്രശ്‌നങ്ങള്‍ക്കുള്ള സാദ്ധ്യതയും പരിശോധിക്കും.

വേണ്ടത് 35 ലക്ഷം ക്യൂബിക്

35 ലക്ഷത്തിലധികം ക്യൂബിക്ക് മീറ്റര്‍ മണ്ണാണ് റെസ വികസനത്തിന് ആവശ്യമായി വരുന്നത്. റെസ വികസനത്തിനായി ആവശ്യമായ സ്ഥലം സംസ്ഥാന സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കി ഏറ്റെടുക്കുകയും എയര്‍പോര്‍ട്ട് അതോറിറ്റിക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്. നിലവില്‍ ഇവിടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി സ്ഥലം നിരപ്പാക്കി വേലി സ്ഥാപിച്ചിട്ടുണ്ട്. വിമാനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ റണ്‍വേയുടെ രണ്ടറ്റങ്ങളിലേയും സുരക്ഷാ മേഖലയായ റെസ നീളം വര്‍ദ്ധിപ്പിക്കുന്ന പദ്ധതിയാണിത്. 2020 ആഗസ്റ്റ് ഏഴിന് 21 പേരുടെ മരണത്തിനിടയാക്കിയ വിമാന ദുരന്തത്തിന് ശേഷം കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ക്കുള്ള സര്‍വീസ് അനുമതി കേന്ദ്ര വ്യോമയാന മന്ത്രാലയം റദ്ദാക്കിയിട്ടുണ്ട്. അപകട കാരണങ്ങളും സുരക്ഷയും പരിശോധിക്കാന്‍ രൂപവത്ക്കരിച്ച സമിതിയുടെ നിര്‍ദ്ദേശ പ്രകാരമാണ് 90 മീറ്ററില്‍ നിന്ന് 240 മീറ്ററായി റെസ ഉയര്‍ത്തുന്നത്.

റെസയുടെ നീളം വര്‍ദ്ധിപ്പിക്കുന്നതിനുള്ള മണ്ണെടുക്കാനായി എന്‍വിറോണ്‍മെന്റല്‍ ഇംപാക്ട് അസസ്മെന്റ് അതോറിറ്റിയില്‍ ലഭിച്ച പ്രദേശങ്ങള്‍ ജിയോളജി വകുപ്പ് ഉദ്യോഗസ്ഥര്‍ ഉടനെ സന്ദര്‍ശിക്കും. പദ്ധതി കാലതാമസം കൂടാതെ നടപ്പാക്കാനാണ് ജിയോളജി വകുപ്പും പരിശ്രമിക്കുന്നത്. - ജില്ലാ ജിയോളജി വകുപ്പ് അധികൃതര്‍

Advertisement
Advertisement