ലോകകപ്പ് നേടിയിട്ടെന്ന തീരുമാനം മാറ്റി,​ അഫ്‌ഗാൻ സൂപ്പർ താരം റാഷിദ് ഖാൻ വിവാഹിതനായി

Friday 04 October 2024 1:55 PM IST

കാബൂൾ: അ‌ഫ്‌ഗാനിസ്ഥാൻ ലോകകപ്പ് നേടിയ ശേഷം മാത്രമേ വിവാഹമുണ്ടാകു എന്നുള്ള തന്റെ പ്രഖ്യാപനം തൽക്കാലം അഫ്‌ഗാനിസ്ഥാൻ ക്രിക്കറ്റ് ടീം മുൻ നായകനും സൂപ്പർ‌ താരവുമായ റാഷിദ് ഖാൻ വിട്ടു. കാബൂളിൽ നടന്ന ചടങ്ങിൽ റാഷിദ് വിവാഹിതനായി. അഫ്‌ഗാന്റെ ഇതിഹാസ ലെഗ്‌സ്‌പിൻ താരമായ റാഷിദ് നിലവിൽ ലോക മൂന്നാം നമ്പർ താരമാണ്. അഫ്‌ഗാൻ തലസ്ഥാനമായ കാബൂളിലെ ഒരു ഹോട്ടലിലായിരുന്നു വിവാഹ ആഘോഷങ്ങൾ നടന്നത്. പഷ്‌തൂൺ ആചാരാനുഷ്‌ഠാനങ്ങൾ അനുസരിച്ചായിരുന്നു വിവാഹം.

റാഷിദിന്റെ സഹകളിക്കാരായ അഫ്‌ഗാൻ താരങ്ങളെല്ലാം വിവാഹത്തിൽ പങ്കെടുത്തു. വലിയ സുരക്ഷയോടെയായിരുന്നു വിവാഹം നടന്നത്. തോക്കേന്തിയവരുടെ സുരക്ഷ ഹോട്ടലിനുണ്ടായിരുന്നു. മുൻ നായകൻ മുഹമ്മദ് നബിയടക്കം നിരവധി പേർ സമൂഹമാദ്ധ്യമങ്ങളിലൂടെ വിവാഹത്തിൽ പങ്കെടുത്ത ചിത്രങ്ങൾ പങ്കുവച്ച് റാഷിദിന് ആശംസ അറിയിച്ചിരുന്നു.'വിവാഹിതനാകുന്ന ഒരേയൊരു കിംഗ് ഖാൻ റാഷിദ് ഖാന് ആശംസകൾ. സ്‌നേഹവും സന്തോഷവും വിജയവും നിറഞ്ഞ ഒരു ജീവിതം ആശംസിക്കുന്നു. ' മുഹമ്മദ് നബി കുറിച്ചു. ട്വന്റി 20 ക്രിക്കറ്റിൽ അതിവേഗം 50, 100 വിക്കറ്റുകൾ സ്വന്തമാക്കിയ ബൗളറാണ് റാഷിദ്. താരത്തിനൊപ്പം സഹോദരന്മാരായ അമീർ ഖലീൽ, സക്കീയുള്ള, റാസ ഖാൻ എന്നിവരും അതേവേദിയിൽ വിവാഹിതരായി.

ആസാദി റേഡിയോയ്‌ക്ക് നൽകിയ ഒരു അഭിമുഖ സംഭാഷണത്തിൽ അഫ്‌ഗാൻ ലോകകപ്പ് നേടിയശേഷം മാത്രമേ താൻ വിവാഹത്തെ കുറിച്ച് ആലോചിക്കൂ എന്നാണ റാഷിദ് ഖാൻ മുൻപ് പ്രഖ്യാപിച്ചത്. അന്ന് ഇതുമായി ബന്ധപ്പെട്ട് നിരവധി വിമർശനങ്ങളും ട്രോളുകളും ഉയർന്നിരുന്നു. നിലവിൽ ഇന്ത്യ കഴിഞ്ഞാൽ ഏഷ്യയിലെ മികച്ച ക്രിക്കറ്റ് ടീം അഫ്‌ഗാനാണ്.