'കോച്ചിംഗ് ഒന്നും എന്നോട് വേണ്ട'; ബൗളിംഗ് നിര്‍ത്തിക്കോളൂവെന്ന് പരിശീലകന്‍, പാണ്ഡ്യയുമായി ഉടക്കി മോണി മോര്‍ക്കല്‍
ഗ്വാളിയര്‍: ബംഗ്ലാദേശിനെതിരെ ഞായറാഴ്ച ആരംഭിക്കുന്ന ട്വന്റി 20 പരമ്പരയ്ക്ക് മുന്നോടിയായുള്ള പരിശീലനത്തിനിടെ ഇന്ത്യന്‍ ടീമില്‍ മുട്ടന്‍ വഴക്ക്. ടി20 മുന്‍ നായകന്‍ ഹാര്‍ദിക് പാണ്ഡ്യയും ബൗളിംഗ് പരിശീലകന്‍ മോണി മോര്‍ക്കലും തമ്മിലാണ് പ്രശ്‌നങ്ങളുണ്ടായത്. സംഭവത്തില്‍ മോര്‍ക്കല്‍ അതൃപ്തി അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. ഇന്ത്യക്കാരായ പരിശീലകര്‍ മതിയെന്ന നിലപാട് മാറ്റി മുഖ്യപരിശീലകന്‍ ഗൗതം ഗംഭീറിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ദക്ഷിണാഫ്രിക്കക്കാരനായ മോര്‍ക്കലിനെ ഇന്ത്യയുടെ ബൗളിംഗ് പരിശീലകനായി നിയമിച്ചത്.
ഇന്ത്യയുടെ പുതിയ ബൗളിങ് പരിശീലകനായ മോണി മോര്‍ക്കലിനൊപ്പം ബൗളര്‍മാരുടെ നെറ്റ്‌സ് സെഷന്‍ നടക്കുന്നതിനിടെയാണ് ഹാര്‍ദിക് പാണ്ഡ്യയുമായി ഉടക്കിയത്. പരിശീലകന്റെ നിര്‍ദേശത്തിനനുസരിച്ച് പന്തെറിയാന്‍ ഹാര്‍ദിക് പാണ്ഡ്യ തയ്യാറാവാത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഹാര്‍ദിക് പാണ്ഡ്യയോട് വ്യത്യസ്ത ലൈനില്‍ പന്തെറിയാനാണ് പരിശീലകന്‍ മോര്‍ക്കല്‍ ആവശ്യപ്പെട്ടത്. ഹാര്‍ദിക്കിന്റെ റിലീസ് പോയിന്റില്‍ ചില പ്രശ്‌നങ്ങളും പരിശീലകന്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ മോര്‍ക്കലിന്റെ വാക്കുകള്‍ക്ക് യാതൊരു വിലയും കല്‍പ്പിക്കാതെ എല്ലാ പന്തുകളും സ്റ്റംപിലേക്ക് മാത്രമായാണ് ഹാര്‍ദിക് എറിഞ്ഞത്. ഇത് മോര്‍ക്കല്‍ ചോദ്യം ചെയ്തപ്പോള്‍ ചെറിയ അഭിപ്രായ ഭിന്നതയുണ്ടായെന്നാണ് ഇന്ത്യന്‍ ടീം വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
ഹാര്‍ദിക് പന്ത് റിലീസ് ചെയ്യുന്നതില്‍ ചെറിയ അപാകതയുണ്ടെന്ന് പരിശീലകന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഇത് തിരുത്താന്‍ ഹാര്‍ദിക് തയ്യാറായില്ല. ഒരേ ശൈലി തുടര്‍ന്നതോടെ ഹാര്‍ദിക്കിന്റെ നിലപാടില്‍ മോര്‍ക്കല്‍ അതൃപ്തി പ്രകടിപ്പിക്കുകയായിരുന്നു. ഇതോടെ ഹാര്‍ദിക്കിന്റെ നെറ്റ്‌സിലെ ബൗളിങ് അവസാനിപ്പിക്കാന്‍ മോര്‍ക്കല്‍ നിര്‍ദേശിച്ചുവെന്നാണ് വിവരം. ഇന്ത്യ ജേതാക്കളായ ടി20 ലോകകപ്പ് ഫൈനല്‍ മത്സരത്തിലെ നിര്‍ണായകമായ അവസാന ഓവര്‍ എറിഞ്ഞത് പാണ്ഡ്യയാണ്. ഇതാദ്യമായിട്ടല്ല പാണ്ഡ്യ പരിശീലകരോടും സഹകളിക്കാരോടും ഉടക്കുന്നത്.