അഭിമുഖത്തിലെ വിവാദ ഭാഗം ; മുഖ്യമന്ത്രിയുടെ ഓഫീസ് സംശയ നിഴലിൽ

Saturday 05 October 2024 4:19 AM IST

ന്യൂഡൽഹി: ദ ഹിന്ദുവിൽ വന്ന അഭിമുഖത്തിന് പി.ആർ ഏജൻസിയെ ചുമതലപ്പെടുത്തിയിട്ടില്ലെന്ന് വിശദീകരിക്കുമ്പോഴും മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസ് സംശയ നിഴലിൽ തുടരുന്നു. കേരള ഹൗസിൽ നടന്ന അഭിമുഖം പി.ആർ ഏജൻസിയുടെ മേൽനോട്ടത്തിലായിരുന്നുവെന്നതിന്റെ കൂടുതൽ സൂചന പുറത്തുവരികയാണ്.

ദ ഹിന്ദു ലേഖികയോട് നേരിട്ട് പറയാത്ത മലപ്പുറവുമായി ബന്ധപ്പെട്ട വിവാദ ഭാഗം മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് ഉൾപ്പെടുത്തിയെന്നാണ് പി.ആർ ഏജൻസി കയ്സെനുമായി ബന്ധപ്പെട്ട ആളുകളിൽ നിന്നറിയുന്നത്. ടി.കെ. ദേവകുമാറിന്റെ മകൻ സുബ്രഹ്മണ്യൻ ആവശ്യപ്പെട്ടിട്ടാണ് അഭിമുഖം നൽകിയതെന്ന മുഖ്യമന്ത്രിയുടെ വിശദീകരണവുമായി പൊരുത്തപ്പെടുന്നവയല്ല അക്കാര്യങ്ങൾ.

എ.ഡി.ജി.പി - ആർ.എസ്.എസ് കൂടിക്കാഴ്‌ച സൃഷ്‌ടിച്ച പ്രതിച്ഛായ ഇടിവ് പരിഹരിക്കാൻ ദേശീയ മാദ്ധ്യമങ്ങളിൽ അഭിമുഖത്തിന് മുഖ്യമന്ത്രിയുടെ ഓഫീസ് നേരത്തെ തീരുമാനിച്ചെന്നാണ് അറിവ്. സ്വർണക്കടത്തിനെതിരെ നടപടിയെടുത്തതിന്റെ പേരിൽ ആക്രമിക്കുകയാണെന്ന് വാർത്താക്കുറിപ്പിറക്കി. ഈ വാർത്താക്കുറിപ്പാണ് പി.ആർ ഏജൻസി വഴി ചില ഇംഗ്ളീഷ് ദിനപത്രങ്ങൾക്ക് നൽകിയതെന്നും സൂചനയുണ്ട്. ദേശീയ തലത്തിൽ പ്രതിച്ഛായ മെച്ചപ്പെടുത്താൻ മറ്റു ചില ദേശീയ ദിനപത്രങ്ങളെയും മുഖ്യമന്ത്രിയുടെ ഓഫീസ് ബന്ധപ്പെട്ടിരുന്നു.

ഹൻഡ വന്നത്

'സ്വന്തം' ആളായി

 പി.ആർ ഏജൻസിയുടെ സി.ഇ.ഒ വിനീത് ഹൻഡ, ജീവനക്കാരൻ ദീപക് എന്നിവർ വാട്ട്സ്ആപ്പിൽ ചോദ്യങ്ങൾ അയച്ചു തരാൻ ആവശ്യപ്പെട്ടതായി അറിയുന്നു

 കേരളഹൗസിൽ അഭിമുഖം തുടങ്ങും മുൻപേ ഹൻഡ എത്തി. അഭിമുഖം നടന്നപ്പോൾ ദ ഹിന്ദു ലേഖികയ്‌ക്കും സുബ്രഹ്മണ്യനുമൊപ്പം ഹൻഡയുമുണ്ടായിരുന്നു

 മുഖ്യമന്ത്രിയും ഗവർണറും താമസിക്കുന്ന കൊച്ചിൻ ഹൗസിൽ അതിശക്ത സുരക്ഷയാണ്. മാദ്ധ്യമ പ്രവർത്തകരെപ്പോലും അകത്ത് കടത്താറില്ല

 ഹൻഡ ഉള്ളിൽ കയറിയത് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ആളായിട്ടാണെന്നും വ്യക്തം. കടത്തിവിടാൻ ഗേറ്റിലെ സെക്യൂരിറ്റിക്ക് നിർദ്ദേശവും നൽകിയിരുന്നു