ആർ.എസ്.എസ് കൂടിക്കാഴ്ച ; അജിത്തിന്റേത് ഗുരുതര വീഴ്ച , ഡി.ജി.പിയുടെ റിപ്പോർട്ട് ഇന്ന്
തിരുവനന്തപുരം: എ.ഡി.ജി.പി അജിത്‌കുമാർ അതീവരഹസ്യമായി രണ്ടു പ്രമുഖ ആർ.എസ്.എസ് നേതാക്കളെ കണ്ടത് ഗുരുതര വീഴ്ചയാണെന്ന അന്വേഷണ റിപ്പോർട്ട് പൊലീസ് മേധാവി ഇന്ന് മുഖ്യമന്ത്രിക്ക് സമർപ്പിക്കും. അജിത്തിനെ ക്രമസമാധാന ചുമതലയിൽ നിന്നൊഴിവാക്കണമെന്ന് ശുപാർശ ചെയ്യും.
രാഷ്ട്രീയചർച്ചകൾക്കും നേതാക്കളുമായി കൂടിക്കാഴ്ചയ്ക്കും ഐ.പി.എസുകാർക്ക് വിലക്കുണ്ട്. അജിത് ഇതു ലംഘിച്ചു. ഔദ്യോഗികവാഹനം ഒഴിവാക്കിയാണ് കൂടിക്കാഴ്ചയ്ക്ക് പോയത്.
തൃശൂരിൽ ആർ.എസ്.എസ് ജനറൽസെക്രട്ടറി ദത്താത്രേയ ഹൊസബളെയെയും കോവളത്ത് റാംമാധവിനെയുമാണ് കണ്ടത്. സ്വകാര്യമായി കണ്ടത് പരിചയപ്പെടാനെന്ന വാദം ഷേഖ് ദർവേഷ് സാഹിബ് തള്ളി. അധികാര സ്ഥാനങ്ങളില്ലാത്ത നേതാക്കളെ കാണേണ്ട ആവശ്യം എ.ഡി.ജി.പിക്കില്ല. ഒളിച്ചുപോകൽ സ്പെഷ്യൽ ബ്രാഞ്ചിനെയടക്കം കബളിപ്പിക്കാനാണെന്നും വിലയിരുത്തി.
റിപ്പോർട്ട് അന്തിമമാക്കാൻ ഡി.ജി.പിയുടെ ചേംബറിൽ ഇന്നലെ എട്ടു മണിക്കൂറിലേറെ യോഗം ചേർന്നു. ഐ.ജി ജി.സ്പർജ്ജൻകുമാർ, ഡി.ഐ.ജി തോംസൺജോസ്, എസ്.പിമാരായ എസ്.മധുസൂദനൻ, എ.ഷാനവാസ് എന്നിവർ പങ്കെടുത്തു. പി.വി.അൻവർ ഉന്നയിച്ച സ്വർണക്കടത്ത് ബന്ധമുള്ള കൊലപാതകം, റിയൽഎസ്റ്റേറ്റ് ഇടപാടുകാരൻ മാമിയുടെ തിരോധാനം എന്നിവയിൽ അജിത്തിന് പങ്കുണ്ടെന്ന് കണ്ടെത്താനായിട്ടില്ല.
ഔദ്യോഗിക സ്വഭാവമെങ്കിൽ
ഒളിച്ചു പോകണോ?
നേതാക്കളുമായുള്ള പരിചയം ക്രമസമാധാനപാലനത്തിന് ഗുണകരമാവുമെന്നും വിവാദത്തിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നും അജിത്. ഔദ്യോഗിക സ്വഭാവമുണ്ടെങ്കിൽ ഒളിച്ചുപോകേണ്ട കാര്യമില്ലെന്ന് ഡി.ജി.പി
നേരത്തേ രാഹുൽ ഗാന്ധിയെയും വ്യക്തിപരമായി പരിചയപ്പെട്ടിരുന്നെന്ന് അജിത്. അന്ന് രാഹുലിന് വയനാട്ടിലെ എം.പിയെന്ന പദവിയുണ്ടായിരുന്നെന്ന് ഡി.ജി.പി