അൻവറിനെതിരെ വീണ്ടും കേസ്

Saturday 05 October 2024 12:03 AM IST

മലപ്പുറം: ഔദ്യോഗിക രഹസ്യം ചോർത്തിയെന്ന പരാതിയിൽ പി.വി.അൻവറിനെതിരെ വീണ്ടും കേസെടുത്തു. അരീക്കോട് സ്‌പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് ക്യാമ്പ് കമൻഡാന്റിന്റെ പരാതിയിൽ മഞ്ചേരി പൊലീസാണ് കേസെടുത്തത്. ഒഫീഷ്യൽ സീക്രട്ട്, ഐ.ടി ആക്ടുകളാണ് ചേർത്തിട്ടുള്ളത്. അരീക്കോട്ടെ എം.എസ്.പി ക്യാമ്പിൽ എ.ഡി.ജി.പി അജിത്കുമാറിനും മലപ്പുറം എസ്.പിയായിരുന്ന സുജിത് ദാസിനും വേണ്ടി മന്ത്രിമാർ ഉൾപ്പെടെയുള്ളവരുടെ ഫോൺ ചോർത്തിയെന്ന് ആരോപിച്ച അൻവർ അതോടൊപ്പം താനും ചോർത്തിയിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു. ഈ പരാമർശമാണ് കേസിന് ആധാരം. ഫോൺ ചോർത്തൽ പരാതിയിൽ നേരത്തെ കറുകച്ചാൽ പൊലീസ് അൻവറിനെതിരെ കേസെടുത്തിരുന്നു. അതേസമയം, തനിക്കെതിരെ മിനിമം 100 കേസുകൾ വരുമെന്നും സ്വയം വാദിക്കാൻ എൽഎൽ.ബി പഠിക്കാൻ ആലോചിക്കുകയാണെന്നുമാണ് അൻവർ പ്രതികരിച്ചത്.