വയനാടിന് കേന്ദ്രസഹായം കിട്ടാത്തതിൽ വിമർശനം

Saturday 05 October 2024 2:55 AM IST

തിരുവനന്തപുരം: ഉരുൾപൊട്ടൽ ദുരന്തമുണ്ടായ വയനാടിനായി ആവശ്യപ്പെട്ട അടിയന്തര ധനസഹായം നൽകാത്തതിൽ കേന്ദ്രത്തിന്

നിയമസഭയിൽ രൂക്ഷ വിമർശനം. സഭാ സമ്മേളനത്തിന്റെ ആദ്യദിനമായ ഇന്നലെ വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലുള്ള ചരമോപചാര പ്രസംഗത്തിലാണ് കക്ഷിനേതാക്കൾ ഒന്നടങ്കം വിമർശനം ഉയർത്തിയത്.

വലിയ ദുരന്തവും നാശനഷ്ടവും ഉണ്ടായിട്ടും കേന്ദ്ര സർക്കാർ ഒരു സഹായവും നൽകിയില്ലെന്നും പ്രധാനമന്ത്രിയുടെ സന്ദർശനത്തിനുശേഷം വലിയൊരു സഹായം പ്രതീക്ഷിച്ചെന്നും പ്രതിപക്ഷനേതാവ് വി.ഡി സതീശൻ പറഞ്ഞു.പ്രത്യേക സാമ്പത്തിക പാക്കേജാണ് പ്രതീക്ഷിച്ചതെങ്കിലും താൽക്കാലികമായിപ്പോലും ഫണ്ട് തരാത്തത് ദൗർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.

പ്രത്യേക സാമ്പത്തിക സഹായം നൽകാത്തത് പ്രതിഷേധാർഹമാണെന്നും കേന്ദ്ര സർക്കാരിനോടുള്ള എതിർപ്പ് രേഖപ്പെടുത്തുകയാണെന്നും മുൻ റവന്യൂ മന്ത്രിയും സി.പി.ഐ നിയമസഭാകക്ഷി നേതാവുമായ ഇ.ചന്ദ്രശേഖരൻ പറഞ്ഞു. കേന്ദ്രത്തിൽ നിന്നു കിട്ടേണ്ട അവകാശം കൃത്യമായി ലഭിക്കണമെന്ന് ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സഹായം വൈകിപ്പിക്കുന്നതിനെ മന്ത്രി റോഷി അഗസ്റ്റിൻ അപലപിച്ചു.

പ്രധാനമന്ത്രിയുടെ സന്ദർശനം പ്രതീക്ഷ നൽകിയിരുന്നുവെന്നും എന്നാൽ സഹായം ലഭിക്കാത്തതിൽ ഖേദമുണ്ടെന്നും മന്ത്രി കെ.ബി ഗണേശ് കുമാർ പറഞ്ഞു. മാണി. സി കാപ്പൻ, അഹമ്മദ് ദേവർകോവിൽ എന്നിവരും കേന്ദ്രാവഗണനയെ വിമർശിച്ചു.