എ ഡി ജി പി എം ആർ അജിത്കുമാർ സ്ഥാനത്തിരിക്കാൻ യോഗ്യനല്ല; നിലപാട് ആവർത്തിച്ച് ബിനോയ് വിശ്വം

Saturday 05 October 2024 2:33 PM IST

തിരുവനന്തപുരം: എ ഡി ജി പി എം ആർ അജിത്കുമാർ സ്ഥാനത്തിരിക്കാൻ യോഗ്യനല്ലെന്ന് ആവർത്തിച്ച്‌ സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഓരോ ദിവസവും വന്ന്‌ എന്താണ് നിലപാട്‌ എന്ന് ചോദിക്കേണ്ട കാര്യമില്ലെന്നും സി പി ഐക്കും എൽ ഡി എഫിനും ഒരു നിലപാടേയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാർ കൃത്യമായ നടപടിയെടുക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.

ആർ എസ് എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ എ ഡി ജി പിയെ മാറ്റണമെന്ന നിലപാടിൽ മാറ്റമില്ല. ആ റിപ്പോർട്ട് വരട്ടേയെന്ന് മുഖ്യമന്ത്രി പറഞ്ഞു കഴിഞ്ഞു. ആ വാക്കിനെ മാനിക്കുകയെന്നത് സി പി ഐയുടെ കടമയാണ്. ആ റിപ്പോർട്ടിന്റെ ഉള്ളടക്കമറിയാൻ സി പി ഐയ്ക്ക് ആകാംക്ഷയുണ്ട്. എല്ലാവർക്കും ആകാംക്ഷയുണ്ട്. അതിന്റെ വെളിച്ചത്തിൽ എൽ ഡി എഫ് സർക്കാർ നിലപാടെടുക്കുമെന്നാണ് വിശ്വാസമെന്നും ബിനോയ് വിശ്വം പറഞ്ഞു.

സി പി ഐ - സി പി എം സെക്രട്ടറിമാർ മിക്കവാറും എല്ലാ ദിവസവും ഫോണിൽ സംസാരിക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സി പി ഐ ജനാധിപത്യമുള്ള പാർട്ടിയാണ്. പാർട്ടി കമ്മിറ്റികൾ ചർച്ചയ്ക്കുള്ള വേദിയാണെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു. വയനാട് ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിയെ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.