അജിത് കുമാറിനെതിരായ അന്വേഷണ റിപ്പോർട്ട് കെെമാറി; എഡിജിപിക്കെതിരെ പരാമർശം, ഡിജിപി മുഖ്യമന്ത്രിയെ  കണ്ട് കണ്ടെത്തലുകൾ  ധരിപ്പിക്കും

Saturday 05 October 2024 8:55 PM IST

തിരുവനന്തപുരം: എഡിജിപി എം ആർ അജിത് കുമാറിനെതിരായ പരാതികളിലെ ഡിജിപിയുടെ അന്വേഷണ റിപ്പോർട്ട് ആഭ്യന്തര സെക്രട്ടറിക്ക് കെെമാറി. റിപ്പോർട്ടിൽ എഡിജിപിക്കെതിരെ പരാമർശങ്ങളുണ്ടെന്നാണ് വിവരം. പി വി അൻവറിന്റെ ആരോപണങ്ങൾ കൂടാതെ എഡിജിപി ആർഎസ്‌എസ് കൂടിക്കാഴ്ചയെ കുറിച്ചടക്കം പരാമർശമുണ്ട്. ഡിജിപി മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് റിപ്പോർട്ടിലെ കണ്ടെത്തലുകൾ ധരിപ്പിക്കും. അജിത് കുമാറിനെ മാറ്റുന്നതിൽ റിപ്പോർട്ട് നിർണായകമാകും.

റിപ്പോർട്ട് കെെമാറിയ സ്ഥിതിക്ക് നടപടി വെെകാതെ ഉണ്ടാകുമെന്നാണ് സൂചന. പി വി അൻവർ എംഎൽഎ ഉന്നയിച്ച പരാതിയിൽ എഡിജിപിക്കെതിരെയുള്ള അന്വേഷണം പൂർത്തിയാക്കി ഒരു മാസത്തിനകം റിപ്പോർട്ട് നൽകണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിർദേശം. എഡിജിപിയെ ചുമതലയിൽ നിന്ന് മാറ്റുന്ന കാര്യം റിപ്പോർട്ട് വന്ന ശേഷം തീരുമാനിക്കാമെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞിരുന്നത്. അതിനാൽ നാളെ നിർണായക തീരുമാനം ഉണ്ടാകുമെന്നാണ് വിവരം.

ആർ.എസ്.എസ് നേതാക്കളുമായി അജിത് കുമാർ കൂടിക്കാഴ്ച നടത്തിയത് വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനുവേണ്ടിയാണ് എ.ഡി.ജി.പി ആർ.എസ്.എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. സംഭവത്തിൽ എൽ.ഡി.എഫിലും വിമർശനം ഉയർന്നിരുന്നു. 2023 മേയ് 22നാണ് ആർ.എസ്.എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാലെയുമായി അജിത് കുമാർ കൂടിക്കാഴ്ച നടത്തിയത്. ജൂൺ 2ന് റാംമാധവുമായും എ.ഡി.ജി.പി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ കൂടിക്കാഴ്ച വ്യക്തിപരമെന്നായിരുന്നു അജിത് കുമാർ അന്വേഷണ സംഘത്തിന് മൊഴി നൽകിയത്.