പൂരം കലക്കലിൽ ത്രിതല അന്വേഷണം; ഉത്തരവിറങ്ങി,​ അജിത്‌കുമാറിന് എതിരെയുള്ള ആരോപണങ്ങൾ ഡി ജി പി അന്വേഷിക്കും

Saturday 05 October 2024 10:03 PM IST

തിരുവനന്തപുരം : തൃശൂർ പൂരം കലക്കലുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ ത്രിതല അന്വേഷണത്തിന് ഉത്തരവിറങ്ങി എ.ഡി.ജി.പി എം.ആർ,​ അജിത്‌കുമാറിനെതിരെ ഉയർന്ന ആരോപണങ്ങളിൽ ഡി.ജി.പി ദർവേഷ് സാഹിബ് അന്വേഷണം നടത്തും,​ അന്വേഷണ സംഘങ്ങളിൽ ആരെയൊക്കെ ഉൾപ്പെടുത്തണമെന്നത് തീരുമാനിക്കാൻ ഡി.ജി.പിയെ ചുമതലപ്പെടുത്തി.

പൂരം അലങ്കോലപ്പെട്ടതിലെ ഗൂഢാലോചന ക്രൈംബ്രാഞ്ച് മേധാവി അന്വേഷിക്കും. മറ്റ് വകുപ്പുകളുടെ ഭാഗത്ത് നിന്ന് വീഴ്ച സംഭവിച്ചോ എന്നത് ഇന്റലിജൻസ് എ.ഡി.ജി.പിയും അന്വേഷിക്കും. വിഷയത്തിൽ മൂന്നുതലത്തിലുള്ള അന്വേഷണം നടത്താൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായിരുന്നു. പിന്നാലെ ആഭ്യന്തര സെക്രട്ടറിയാണ് അന്വേഷണ ഉത്തരവിറക്കിയത്.

അതേസമയം എം ആർ അജിത് കുമാറിനെതിരായ പരാതികളിലെ ഡി.ജി.പിയുടെ അന്വേഷണ റിപ്പോർട്ട് ആഭ്യന്തര സെക്രട്ടറിക്ക് കെെമാറി. റിപ്പോർട്ടിൽ എ.ഡി.ജി.പിക്കെതിരെ പരാമർശങ്ങളുണ്ടെന്നാണ് വിവരം. പി വി അൻവറിന്റെ ആരോപണങ്ങൾ കൂടാതെ എ.ഡി.ജി.പി ആർ.എസ്‌.എസ് കൂടിക്കാഴ്ചയെ കുറിച്ചടക്കം പരാമർശമുണ്ട്. ഡിജിപി മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് റിപ്പോർട്ടിലെ കണ്ടെത്തലുകൾ ധരിപ്പിക്കും. അജിത് കുമാറിനെ മാറ്റുന്നതിൽ റിപ്പോർട്ട് നിർണായകമാകും.