മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസ് പ്രോസിക്യൂഷന് തിരിച്ചടിയായത് പ്രതിഭാഗം വാദത്തിലെ വ്യക്തത

Sunday 06 October 2024 1:04 AM IST

കാസർകോട്: മഞ്ചേശ്വരം കോഴക്കേസിൽ കെ. സുരേന്ദ്രൻ ഉൾപ്പെടെയുള്ള ആറു പ്രതികളെയും കുറ്റവിമുക്തരാക്കിയ നടപടി ഹർജി നൽകിയ സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം വി.വി. രമേശനും കേസെടുത്ത പൊലീസിനും കനത്ത തിരിച്ചടിയായി.

1500 പേജുള്ള കുറ്റപത്രത്തിൽ 120 ഓളം സാക്ഷികളും ഫോൺകാൾ രേഖകളും നിരവധി സർട്ടിഫിക്കറ്റുകളും ഹാജരാക്കിയിരുന്നു. 16 മാസശേഷം സമർപ്പിച്ച കുറ്റപത്രത്തിൽ പ്രതികൾക്കെതിരെ ഭീഷണിപ്പെടുത്തൽ (ഐ.പി.സി 506), തടങ്കലിൽ വയ്ക്കൽ (ഐ.പി.സി 342), പട്ടികജാതി-പട്ടികവർഗ അതിക്രമം തടയൽ, കൈക്കൂലി നൽകൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരുന്നത്. കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറായി അഡ്വ.സി.ഷുക്കൂറിനെ സർക്കാർ നിയമിച്ചിരുന്നു.

കേസിലെ യഥാർത്ഥ വാദിയായ ബി.എസ്.പി സ്ഥാനാർത്ഥി കെ. സുന്ദര ഹർജി നൽകാത്തതാണ് കേസിനെ ദുർബലമാക്കിയതെന്ന് നിയമവൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. കെ. സുന്ദരയും അദ്ദേഹത്തിന്റെ മാതാവും പലതവണ മൊഴി മാറ്റിയതും കേസ് റദ്ദാക്കാൻ കാരണമായി. പ്രതിഭാഗം സുന്ദരയുടെയും മാതാവിന്റെയും ഓരോ ഘട്ടത്തിലുള്ള പ്രതികരണങ്ങൾ കോടതിയിൽ തെളിവായി ഹാജരാക്കിയിരുന്നു. സുന്ദര ആരോപണം ഉന്നയിച്ചതിനു പിന്നാലെ മാതാവ് തങ്ങൾക്ക് ആരും ഒരു കോഴയും തന്നിട്ടില്ലെന്ന് പ്രതികരിച്ചതും കോടതിയിൽ ചൂണ്ടിക്കാട്ടി. സുന്ദര കളക്ടറേറ്റിലെത്തി നാമനിർദ്ദേശപത്രിക പിൻവലിച്ചുകൊണ്ട് മാദ്ധ്യമങ്ങളോട് പ്രതികരിച്ചതും പിന്നീട് ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലെത്തി, ആരുടെയും പ്രേരണയിലോ സാമ്പത്തിക ലാഭത്തിന്റെ പേരിലോ അല്ല പത്രിക പിൻവലിച്ചതെന്ന് പറഞ്ഞതും പ്രതിഭാഗം തെളിവായി ഹാജാരാക്കി. തനിക്ക് കോഴ വാഗ്ദാനം ചെയ്തുവെന്ന ആരോപണവുമായി സുന്ദര തന്നെ രംഗത്തുവന്നത് ബാഹ്യസമ്മർദ്ദം മൂലമാണെന്ന പ്രതിഭാഗത്തിന്റെ ആരോപണം ഖണ്ഡിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല. തന്നെയും ബി.ജെ.പിയെയും അപകീർത്തിപ്പെടുത്താൻ കെട്ടിച്ചമച്ച കേസാണെന്ന സുരേന്ദ്രന്റെ വാദത്തിന് ബലം നൽകുന്നതായിരുന്നു സുന്ദര പത്രിക പിൻവലിച്ച ശേഷം നടത്തിയ പ്രതികരണങ്ങൾ. കേസിൽ യഥാർത്ഥ വാദിക്ക് പകരം മഞ്ചേശ്വരത്തെ മറ്റൊരു സ്ഥാനാർത്ഥിയായ സി.പി.എം നേതാവ് വി.വി. രമേശൻ ഹർജി നൽകിയത് രാഷ്ട്രീയ പ്രേരണ കൊണ്ടാണെന്ന വാദവും കോടതി കണക്കിലെടുത്തു. കോഴക്കേസിൽ ജാമ്യം പോലും ലഭിക്കാതിരിക്കാനായി എസ്. സി - എസ്. ടി വകുപ്പ് കൂടി ഉൾപ്പെടുത്തിയത് കേസ് രാഷ്ട്രീയ പ്രതികാരത്തിന് വേണ്ടിയാണെന്നും പ്രതിഭാഗം കോടതിയെ ബോധിപ്പിച്ചു. കോഴ നൽകുന്നതുപോലെ കോഴ വാങ്ങുന്നതും കുറ്റകരമല്ലേയെന്ന ചോദ്യവും കോടതിയുടെ ഭാഗത്ത് നിന്നുണ്ടായി.