പാലക്കാട്, ചേലക്കര ഉപതിരഞ്ഞെടുപ്പ് : സ്ഥാനാർത്ഥി ചർച്ചകൾക്ക് സി.പി.എം

Sunday 06 October 2024 1:11 AM IST

തിരഞ്ഞെടുപ്പിന് ഒരുങ്ങാൻ ജില്ലാ കമ്മിറ്റികൾക്ക് നിർദ്ദേശം

തിരുവനന്തപുരം : പിണറായി സർക്കാരിനെ വിവാദങ്ങൾ ചൂഴ്ന്ന് നിൽക്കേ, പാലക്കാട്, ചേലക്കര ഉപതിരഞ്ഞെടുപ്പിന് സി.പി.എം തയ്യാറെടുക്കുന്നു. തൃശൂർ, പാലക്കാട് ജില്ലാ കമ്മിറ്റികൾക്ക് സംസ്ഥാനകമ്മിറ്റി ഇതിനുള്ള നിർദ്ദേശം നൽകി.

ഈ മാസം 10ന് മുമ്പ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചേക്കുമെന്ന വിലയിരുത്തലിലാണ് സി.പി.എം നീങ്ങുന്നത്. 11ന് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ സ്ഥാനാർത്ഥികളെ കുറിച്ച് പ്രാഥമിക ചർച്ച നടന്നേക്കും. മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരായ വിവാദങ്ങൾക്കിടെ ഇരുമണ്ഡലങ്ങളിലു ജയിക്കാനുള്ള പേരാട്ടമാവും സി.പി.എം നടത്തുക. മികച്ച സ്ഥാനാർത്ഥികളെ നിർത്താനാണ് ആലോചന. ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനം പ്രതീക്ഷിച്ചാണ് നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കിയത്.

ചേലക്കറയിൽ 2016 മുതൽ 2021വരെ പാർട്ടി നിയമസഭാംഗമായിരുന്ന യു.ആർ പ്രദീപിനാണ് മുൻതൂക്കം. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് നിയമസഭാ മണ്ഡലത്തിൽ പാർട്ടി സ്ഥാനാർത്ഥി എ. വിജയരാഘവൻ മൂന്നാം സ്ഥാനത്തായിപ്പോയി.

52,779 വോട്ടുമായി കോൺഗ്രസാണ് ഒന്നാം സ്ഥാനത്ത്. അതിനാൽ മണ്ഡലം പിടിക്കാൻ സി.പി.എമ്മിന് ഏറെ വിയർപ്പൊഴുക്കേണ്ടി വരും. ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫ്, മുൻ എം.എൽ.എ ടി.കെ.നൗഷാദ്, ജില്ലാ കമ്മിറ്റി അംഗം നിതിൻ കണിച്ചേരി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോൾ തുടങ്ങിയ പേരുകൾ നിലവിലുണ്ട്. പൊതുസമ്മതരെയും പരിഗണിക്കുന്നുണ്ട്.