48-ാമത് വയലാർ പുരസ്‌കാരം അശോകൻ ചരുവിലിന്റെ 'കാട്ടൂർ കടവ്' നോവലിന്

Sunday 06 October 2024 12:51 PM IST

തിരുവനന്തപുരം: ഈ വർഷത്തെ വയലാർ പുരസ്‌കാരം എഴുത്തുകാരനായ അശോകൻ ചരുവിലിന്. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ വെങ്കലത്തിൽ നിർമ്മിച്ച ശില്പവും അടങ്ങിയതാണ് പുരസ്കാരം. 'കാട്ടൂർ കടവ്' എന്ന നോവലിനാണ് പുരസ്കാരം. മലയാളത്തിലെ രാഷ്ട്രീയ നോവലുകളുടെ ഗണത്തിൽപെടുന്നതാണ് കൃതി. ബെന്യാമിൻ,​ പ്രൊഫ. കെ എസ് രവികുമാർ,​ ഗ്രേസി എന്നിവരടങ്ങിയ സമിതിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്.

മഹാപ്രളയത്തിൽ തകർന്ന ഒരു ഗ്രാമത്തെ പശ്ചാത്തലമാക്കിയുള്ള ജീവിതാപഗ്രഥനവും നവോത്ഥാനവും ദേശീയ പ്രസ്ഥാനവും പശ്ചാത്തലമാക്കിയതാണ് കാട്ടൂർ കടവ്.​ വയലാർ രാമവർമ മെമ്മോറിയൽ ട്രസ്റ്റ് പ്രസിഡന്റ് പെരുമ്പടവം ശ്രീധരനാണ് അവാർഡ് പ്രഖ്യാപിച്ചത്. 1977മുതൽ സാഹിത്യ മേഖലയിലെ മികച്ച കൃതിക്ക് നൽകിവരുന്ന വയലാർ അവാർഡിൽ 48-ാം പുരസ്കാര പ്രഖ്യാപനമാണിത്. വയലാർ രാമവർമയുടെ ചരമദിനമായ ഒക്ടോബർ 27ന് വെെകുന്നേരം 5.30ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും.

1957ൽ തൃശൂരിലെ കാട്ടൂരിലാണ് അശോകൻ ചരുവിൽ ജനിച്ചത്. രജിസ്ട്രേഷൻ വകുപ്പ് ഉദ്യോഗസ്ഥനായിരുന്നു. കേരള പബ്ലിക് സർവീസ് കമ്മീഷനിൽ അംഗമായിരുന്നു. സൂര്യകാന്തികളുടെ നഗരം,​ പരിചിതഗന്ധങ്ങൾ,​ ഒരു രാത്രിക്കു ഒരു പകൽ,​ മരിച്ചവരുടെ കടൽ,​ കഥകളിലെ വീട്,​ ദൈവവിശ്വാസത്തെക്കുറിച്ച് ഒരു ലഘൂപന്യാസം,​ ചിമ്മിനി വെളിച്ചത്തിൽ പ്രകാശിക്കുന്ന ലോകം,​ കങ്കാരു നൃത്തം,​ ആമസോൺ തുടങ്ങിയവയാണ് പ്രധാന കൃതികൾ.

കഴിഞ്ഞ വർഷം കവിയും ഗാനരചിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പിക്കാണ് വയലാർ പുരസ്കാരം ലഭിച്ചത്. 'ജീവിതം ഒരു പെൻഡുലം' എന്ന ആത്മകഥയ്ക്കായിരുന്നു പുരസ്കാരം.