ശബരിമല ദർശനം പൂർണമായും ഓൺലൈനാക്കുന്നതിൽ വിയോജിപ്പ്; പത്ത് ശതമാനം സ്‌പോട്ട് ബുക്കിംഗ് വേണമെന്ന് കെ സുരേന്ദ്രൻ

Sunday 06 October 2024 5:25 PM IST

തിരുവനന്തപുരം: ശബരിമലയിൽ ഇക്കൊല്ലം മണ്ഡല മകരവിളക്ക് കാലത്ത് ദർശനത്തിന് ഓൺലൈൻ ബുക്കിംഗ് മാത്രം മതിയെന്ന സർക്കാർ തീരുമാനത്തിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. ശബരിമല ക്ഷേത്രത്തിലേക്ക് ഭക്തരെ പ്രവേശിപ്പിക്കുന്നത് പൂര്‍ണമായും ഓണ്‍ലൈന്‍ ആക്കുന്നതിന് പകരം പത്ത് ശതമാനം പേരെ സ്‌പോട്ട് എന്‍ട്രി വഴി കടത്തി വിടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യാന്‍ പല കാരണങ്ങള്‍ കൊണ്ടും കഴിയാത്ത ഭക്തരെ ക്യൂവഴി പ്രവേശിപ്പിക്കണം. പരിചയ സമ്പന്നരും മിടുക്കരുമായ പൊലീസ് ഉദ്യേഗസ്ഥരെ ക്രൗഡ് മാനേജ്‌മെന്റിനായി നിയോഗിക്കുകയാണ് വേണ്ടത്. പൊലീസിന്റെ പിടിപ്പുകേടും കെടുകാര്യസ്ഥതയുമാണ് പലപ്പോഴും ശബരിമലയില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നത്. ശബരിമലയില്‍ തിരുപ്പതി മോഡല്‍ സജജീകരണങ്ങള്‍ പ്രായോഗികമായിരിക്കില്ല. തിരുപ്പതിയില്‍ വര്‍ഷം മുഴുവന്‍ ഭക്തര്‍ വന്നുകൊണ്ടിരിക്കുന്നതാണ്. എന്നാല്‍ ശബരിമല അതില്‍ നിന്നും വ്യത്യസ്തമായി പ്രത്യേക ഘട്ടത്തില്‍ മാത്രമാണ് ദര്‍ശനം ഉള്ളത്.

പിണറായി സര്‍ക്കാര്‍ ഭക്തജനങ്ങളോട് മുമ്പ് അനുവര്‍ത്തിച്ച സമീപനം എന്തായിരുന്നുവെന്നത് ഇപ്പോഴും ഭക്തരുടെ മനസ്സിലുണ്ട്. ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ ഇപ്പോഴത്തെ നീക്കങ്ങളില്‍ ഭക്തജനങ്ങള്‍ക്ക് സംശയം തോന്നിയാല്‍ അവരെ കുറ്റപ്പെടുത്താന്‍ കഴിയില്ലെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

ശബരിമല ദർശനത്തിനായി സ്പോട്ട് ബുക്കിംഗ് പൂർണമായി നിറുത്തലാക്കാനാണ് സർക്കാരിന്റെ നീക്കം. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ഇന്നലെ ചേർന്ന ശബരിമല അവലോകന യോഗത്തിലാണ് തീരുമാനം. തിരക്ക് ഏറുമ്പോൾ പ്രതിഷേധവും സംഘർഷവും ഒഴിവാക്കാനാണിത്.