ഒടുവില്‍ അജിത് കുമാര്‍ തെറിച്ചു, എഡിജിപിയെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റി

Sunday 06 October 2024 9:10 PM IST

തിരുവനന്തപുരം: എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ നടപടി. ക്രമസമാധാന ചുമതലയില്‍ നിന്ന് അദ്ദേഹത്തെ നീക്കിയുള്ള ഉത്തരവ് പുറത്തിറങ്ങി. അതേസമയം ബറ്റാലിയന്റെ ചുമതലയില്‍ തുടരും. പ്രധാന ഘടകകക്ഷിയായ സിപിഐ അജിത് കുമാറിനെ ചുമതലയില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ടിരുന്നു. പൂരം കലക്കല്‍ , ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച തുടങ്ങിയ വിവാദ വിഷയങ്ങളെ തുടര്‍ന്ന് എഡിജിപിയെ മാറ്റി നിര്‍ത്തണമെന്ന കാര്യത്തില്‍ മുഖ്യമന്ത്രിക്ക് മേല്‍ സമ്മര്‍ദ്ദം രൂക്ഷമായിരുന്നു.

അജിത് കുമാറിന് പകരം മനോജ് എബ്രഹാമിനാണ് ക്രമസമാധാന ചുമതല നല്‍കിയിരിക്കുന്നത്. ഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ട് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറിയതിന് പിന്നാലെയാണ് രാത്രിയോടെ തന്നെ മുഖ്യമന്ത്രിയുടെ വിശ്വസ്തനെതിരെ നടപടിയുണ്ടായിരിക്കുന്നത്. എഡിജിപിയുടെ വാദങ്ങള്‍ തള്ളിയുള്ള അന്വേഷണ റിപ്പോര്‍ട്ട് ആണ് ഡിജിപി ആഭ്യന്തര സെക്രട്ടറിക്ക് കൈമാറിയത്. എഡിജിപി- ആര്‍എസ്എസ് കൂടിക്കാഴ്ചയെ കുറിച്ചടക്കം ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു. ആര്‍എസ്എസ് നേതാക്കളെ കണ്ടതിനെ കുറിച്ചുളള എഡിജിപിയുടെ വിശദീകരണം ഡിജിപി തള്ളിയിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഞായറാഴ്ച രാത്രി സെക്രട്ടേറിയറ്റിലെ ഓഫീസില്‍ എത്തിയിരുന്നു. പിവി അന്‍വര്‍ ആരോപിച്ച റിദാന്‍, മാമി കേസുകളില്‍ പൊലീസിന് അന്വേഷണ വീഴ്ചയുണ്ടായെന്നാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. റിദാന്‍ കേസിന്റെ അന്തിമ റിപ്പോര്‍ട്ടില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചുവെന്നും മാമി തിരോധാന കേസിലെ ആദ്യ ഘട്ടത്തില്‍ അന്വേഷണ വീഴ്ചയുണ്ടായെന്നുമാണ് റിപ്പോര്‍ട്ടിലുളളത്. ഈ രണ്ട് കേസുകളും ക്രൈം ബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. ഡിജിപി മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് റിപ്പോര്‍ട്ടിലുളള തന്റെ കണ്ടെത്തലുകള്‍ ധരിപ്പിക്കും.

ആര്‍എസ്എസ് നേതൃത്വവുമായുള്ള കൂടിക്കാഴ്ചയാണ് എഡിജിപിക്ക് വിനയായി മാറിയത്. പൂരം കലക്കല്‍ വിഷയത്തില്‍ നടത്തിയ ഇടപെടലും തുടര്‍ന്ന് തൃശൂരിലെ വിഎസ് സുനില്‍കുമാറിന്റെ തോല്‍വിയും സിപിഐയെ ചൊടിപ്പിച്ചിരുന്നു. ഇതോടെയാണ് അജിത് കുമാറിനെ മാറ്റിയേ തീരൂവെന്ന നിലപാടിലേക്ക് സിപിഐ എത്തിയത്. മുഖ്യമന്ത്രിയെ നേരില്‍ക്കണ്ട് സിപിഐ സെക്രട്ടറി ബിനോയ് വിശ്വം ഇക്കാര്യം ആവര്‍ത്തിച്ച് ധരിപ്പിക്കുകയും ചെയ്തിരുന്നു. അന്വേഷണ റിപ്പോര്‍ട്ട് വന്നതിന് ശേഷം പരിഗണിക്കാമെന്നാണ് സിപിഐക്ക് മുഖ്യമന്ത്രി നല്‍കിയ ഉറപ്പ്.