എം. രാമചന്ദ്രന് വിട ചൊല്ലി നാട്

Monday 07 October 2024 12:00 AM IST
വാർത്താവതാകരൻ എം. രാമചന്ദ്രന് മന്ത്രി വി.ശിവൻകുട്ടി അദ്ദേഹത്തിന്റെ വീട്ടിലെത്തി അന്ത്യോപചാരം അർപ്പിക്കുന്നു

തിരുവനന്തപുരം: മലയാള വാർത്താ വായനയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വാർത്താവതാകരൻ എം. രാമചന്ദ്രന് (92) വിട ചൊല്ലി നാട്. രാവിലെ 10.30 വരെ മുടവൻമുകളിലെ ശങ്കരൻപാറ ലെയ്ൻ ലക്ഷ്മീവരത്തിലും തുടർന്ന് തിരുവനന്തപുരം പ്രസ്‌ ക്ളബിലും പൊതുദർശനത്തിനു വച്ച ഭൗതിക ശരീരത്തിൽ അന്തമോപചാരം അർപ്പിക്കാനായി രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗത്തെ നിരവധി പേർ എത്തി.

മന്ത്രി വി ശിവൻകുട്ടി, മേയർ ആര്യ രാജേന്ദ്രൻ, സി.പി.ഐ സംസ്ഥാന സെക്രട്ടറി ബനോയ് വിശ്വം, ചലച്ചിത്ര അക്കാഡമി ചെയർമാനും നടനുമായ പ്രേംകുമാർ, ഡി.സി.സി പ്രസിഡന്റ് പാലോട് രവി, പന്ന്യൻ രവീന്ദ്രൻ,സി.പി.എം നേതാവ് എം. വിജയകുമാർ,ബി.ജെ.പി നേതാവ് സി. ശിവൻകുട്ടി,മുൻ എം.എൽ.എ വി.എസ് ശിവകുമാർ, പ്രൊഫ. അലിയാർ, ആർക്കിടെക്ട് ജി. ശങ്കർ, കെ.എസ് ശബരീനാഥൻ, എൻ. ശക്തൻ, പന്തളം സുധാകരൻ തുടങ്ങി നിരവധി പേർ എം രാമചന്ദ്രന് ആദരാഞ്ജലി അർപ്പിച്ചു. വാർത്തകൾ വായിക്കുന്നത് എം. രാമചന്ദ്രൻ എന്ന ശബ്ദത്തിലൂടെ മലയാളികളുടെ മനസിൽ ഇടം പിടിച്ച എം. രാമചന്ദ്രന്റെ അന്ത്യം തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ ശനിയാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു . ഞായറാഴ്ച ഉച്ചയ്ക്ക് 12 ന് യോടെ തൈക്കാട് ശാന്തികവാടത്തിൽ സംസ്‌കാരം നടന്നു. സഞ്ചയനം ഒക്‌ടോബർ 11ന് രാവിലെ മുടവൻമുകളിലെ വീട്ടിൽ.