ശക്തികുളങ്ങര ആൽത്തറമൂട് ജംഗ്ഷനിൽ ശ്രദ്ധി​ക്കണം, വളവി​ലെ കുഴി​കൾ

Monday 07 October 2024 12:40 AM IST

കൊല്ലം: ശക്തികുളങ്ങര ആൽത്തറമൂട് ജംഗ്ഷനിലെ അപകടക്കുഴികൾക്ക് പരിഹാരമില്ല. ദേശീയപാതയി​ൽ നി​ന്ന് കാവനാട് ഭാഗത്തെ റോഡിലേക്ക് തിരിയുന്നി​ടത്തെ, ആലിന് സമീപത്തുള്ള റോഡിലാണ് കുഴികൾ രൂപപ്പെട്ടിരിക്കുന്നത്.

മേവറം കാവനാട് ബൈപ്പാസ് അവസാനിക്കുന്നതും ഇവിടെയാണ്. വളവുള്ള ഭാഗത്ത് രൂപപ്പെട്ട കുഴികളിൽ വീണ് നിരവധി വാഹനങ്ങളാണ് ദിനംപ്രതി അപകടത്തിൽപ്പെടുന്നത്. ഇരുചക്ര വാഹനങ്ങളാണ് കൂടുതലും. ദേശീയപാത വി​കസനം തുടങ്ങി​യ ശേഷമാണ് കുഴികളുണ്ടായതെന്ന് നാട്ടുകാർ പറയുന്നു. പലതവണ അറ്റകുറ്റപ്പണികൾ നടത്തി. പക്ഷേ, അധികം വൈകാതെ ഈ ഭാഗം പൂർവസ്ഥി​യിലാവും. കഴിഞ്ഞ ജൂണിലാണ് അവസാനമായി ഇവിടത്തെ കുഴിയടച്ചത്. എന്നാൽ ഇപ്പോൾ, പഴയതിനേക്കാൾ മോശമായ അവസ്ഥയി​ലാണ് ഇവി​ടം. തകർന്ന റോഡിൽ നിന്ന് ടാറും മെറ്റലും ഇളകി പലഭാഗത്തായി ചിതറിക്കിടക്കുകയാണ്. ചെറിയമെറ്റിൽ കഷ്ണങ്ങൾ റോഡിന്റെ പകുതിയോളം ഭാഗത്ത് പരന്നുകിടക്കുന്നു. മുൻപ് ഇവി​ടെ വീപ്പവച്ചും മറ്റുമാണ് അപായമുന്നറിയിപ്പ് നൽകിയിരുന്നത്. ഇപ്പോൾ പേരിനുപോലും മുന്നറി​യി​പ്പി​ല്ല. ദേശീയപാത അതോറിട്ടിയുടെ നിയന്ത്രണത്തിലുള്ള റോഡാണിത്.

മഴ പെയ്താൽ ഇരട്ടിദുരിതം

മഴക്കാലത്ത് കുഴി​കളി​ൽ വെള്ളം നി​റയുന്നതി​നാൽ കുഴി​ എവി​ടെ, റോഡ് എവി​ടെ എന്നറി​യാനാവാത്ത അവസ്ഥയാവും. ഇത് വലിയ അപകടങ്ങൾക്ക് വഴി​തെളി​ക്കും. കഴിഞ്ഞദിവസം പെയ്ത മഴയിലും ഈ ഭാഗത്ത് വെള്ളക്കെട്ടുണ്ടായി. റോഡിലെ തിരക്കും വളവും കാരണം പലപ്പോഴും കുഴികൾ ഡ്രൈവർമാരുടെ ശ്രദ്ധയിൽപ്പെടാറില്ല. സന്ധ്യയായാൽ വേണ്ടത്ര വെളിച്ചവും ആൽത്തറമൂട് ഭാഗത്ത് ലഭിക്കാറില്ല.

ഈ ഭാഗത്തെ ടാറിടൽ വെറും പ്രഹസനം മാത്രമാണ്. ദിവസവും എന്തെങ്കി​ലും അപകടം നടക്കുമെന്ന അവസ്ഥയാണ്. പ്രശ്നത്തിന് ശാശ്വതമായ പരിഹാരമാണ് വേണ്ടത്

പ്രകാശൻ, പ്രദേശവാസി

കാഴ്ചമറയ്ക്കുന്ന രീതിയിലുള്ള വളവായതുകൊണ്ട് പെട്ടെന്ന് റോഡിന്റെ ശോചനീയാവസ്ഥ ശ്രദ്ധയിൽപ്പെടാറില്ല. എത്ര പതിയെ വന്നാലും മെറ്റി​ലി​ൽ തട്ടി​ വീഴുന്ന അവസ്ഥയാണ്

രാഹുൽ, ഇരുചക്രവാഹന യാത്രക്കാരൻ

Advertisement
Advertisement