സ്വർണം കടത്തിയവരിൽ മതപണ്ഡിതനും: ജലീൽ

Monday 07 October 2024 1:06 AM IST

#മുസ്‌ലിങ്ങൾ മുഴുവൻ സ്വർണക്കടത്തുകാരാണെന്ന് പറഞ്ഞിട്ടില്ല

മലപ്പുറം: ഹജ്ജിന് പോയ കേരളത്തിലെ പ്രമുഖനായ മുസ്‌ലിം മതപണ്ഡിതനെ ഖുറാന്റെ പുറംചട്ടയിൽ സ്വർണം ഒളിപ്പിച്ച് കൊണ്ടുവന്നതിന് കസ്റ്റംസുകാർ പിടി കൂടി ജയിലിൽ അടച്ചിട്ടുണ്ടെന്ന് കെ.ടി.ജലീൽ എം.എൽ.എ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

മുസ്‌ലിം ലീഗിനോട് ബന്ധപ്പെട്ട നിൽക്കുന്ന മതസംഘടനയുടെ ഏറ്റവും ഉന്നതമായ സ്ഥാനം വഹിക്കുന്നയാളാണ് അദ്ദേഹം. മത സംഘടനയുടെ നേതൃപദവിലേക്ക് വരാൻ യോഗ്യതയില്ലെന്ന് അദ്ദേഹത്തോട് പറയാൻ മുസ്‌ലിം ലീഗ് തയ്യാറായില്ല. താൻ പറയുന്നത് സത്യമല്ലെന്ന് മുസ്‌ലിം ലീഗിന്റെയോ യൂത്ത് ലീഗിന്റെയോ ഉത്തരവാദിത്വപ്പെട്ട ആരെങ്കിലും പറഞ്ഞാൽ എല്ലാ വിശദാംശങ്ങളും പറയാം. തത്കാലം പേര് വെളിപ്പെടുത്തുന്നില്ല. മുസ്‌ലിം പണ്ഡിതന്മാർക്ക് പോലും ഇത് മതപരമായി നിക്ഷിദ്ധമാണെന്ന കാര്യത്തിൽ ധാരണയില്ല. അതിന്റെ അടിസ്ഥാനത്തിലാണ് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി തങ്ങളോട് മത വിധി പുറപ്പെടുവിക്കാൻ ആവശ്യപ്പെട്ടത്. മതവിധി പുറപ്പെടുവിക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ അദ്ദേഹം ഖാളി സ്ഥാനം ഒഴിയണം.

മുസ്‌ലിങ്ങൾ മുഴുവൻ സ്വർണക്കടത്തുകാരാണെന്ന് താൻ പറഞ്ഞിട്ടില്ല. ഇവിടെ രജിസ്റ്റർ ചെയ്യുന്ന കേസുകളിൽ ഉൾപ്പെടുന്നവരിൽ ഭൂരിപക്ഷവും മുസ്‌ലിം സമുദായമാണ്. അവരെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കണം. താൻ മന്ത്രിയായിരുന്നപ്പോൾ സ്വർണക്കടത്തുമായി ബന്ധപ്പെട്ട കഴമ്പില്ലാത്ത ആരോപണങ്ങൾ ഉയർന്നപ്പോൾ കോൺഗ്രസും ലീഗും ബി.ജെ.പിയും അതിനെ പിന്തുണച്ചു. തന്നെ കൊത്തിവലിക്കാൻ അവർ എറിഞ്ഞു കൊടുക്കുകയായിരുന്നു.തന്റെ പിന്നാലെ വേട്ടപ്പട്ടിയെ പോലെ ഓടി

. അതിനിടെ പ്രസ്താവന വിവാദമായതിന് പിന്നാലെ, തെറ്റായി വ്യാഖ്യാനിച്ചെന്ന് ചൂണ്ടിക്കാട്ടി ജലീൽ രംഗത്തെത്തി. ബോധവത്കരിക്കാൻ ഖാളിമാർ തയ്യാറാവണമെന്ന് പറഞ്ഞാൽ അതെങ്ങനെ ഇസ്‌ലാമിനെതിരാവുമെന്ന് അദ്ദേഹം ചോദിച്ചു.