നെഹ്റു ട്രോഫി: കാരിച്ചാൽ ചുണ്ടൻ തന്നെ വിജയി

Tuesday 08 October 2024 1:57 AM IST

ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളി ഫൈനലിൽ കാരിച്ചാൽ ചുണ്ടനെ വിജയിയായി പ്രഖ്യാപിച്ച തീരുമാനം പുനഃപരിശോധിക്കേണ്ടതില്ലെന്ന് ജൂറി ഒഫ് അപ്പീൽ കമ്മിറ്റി വിലയിരുത്തി. പരാതി ഉന്നയിച്ചവർ നൽകിയ കൂടുതൽ ദൃശ്യങ്ങളും ഔദ്യോഗിക വീഡിയോയും വിശദമായി പരിശോധിച്ച ശേഷമാണ് തീരുമാനം. അതേസമയം, ഇതിനെതിരെ കോടതിയെ സമീപിക്കുമെന്ന് വീയപുരം, നടുഭാഗം ചുണ്ടനുകൾ തുഴഞ്ഞ വി.ബി.സി കൈനകരി, കുമരകം ടൗൺ ബോട്ട് ക്ലബ് ഭാരവാഹികൾ അറിയിച്ചു.

എ.ഡി.എം ആശ സി.എബ്രഹാം, ജില്ലാ ഗവൺമെന്റ് പ്ലീഡർ അഡ്വ. വേണു, ജില്ലാ ലോ ഓഫീസർ അഡ്വ. അനിൽകുമാർ, എൻ.റ്റി.ബി.ആർ സൊസൈറ്റി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ മുൻ എം.എൽ.എ സി.കെ.സദാശിവൻ, ചുണ്ടൻവള്ളം ഉടമ അസോസിയേഷൻ പ്രസിഡന്റ് ആർ.കെ. കുറുപ്പ് എന്നിവരടങ്ങിയതാണ് അപ്പീൽ കമ്മിറ്റി.