അൻവർ വർഗ്ഗശത്രു: എ.വിജയരാഘവൻ
മലപ്പുറം: കേരളത്തിൽ നിന്ന് കമ്മ്യൂണിസ്റ്റ് പാർട്ടിയെ മായ്ച്ചു കളയുകയെന്ന വലതുപക്ഷ നിലപാടിലേക്ക് ഒരു അൻവർ കൂടി പോയതുകൊണ്ട് പാർട്ടിക്ക് ഒന്നും സംഭവിക്കില്ലെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവൻ. നിലമ്പൂർ ചന്തക്കുന്നിൽ സി.പി.എമ്മിന്റെ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വർഗ്ഗശത്രുവിന്റെ പാളയത്തിൽ നിൽക്കുന്നയാളെ കമ്മ്യൂണിസ്റ്റ് പാർട്ടി വർഗ്ഗശത്രുവായി തന്നെ കാണും. ചില സ്വതന്ത്രർ പാതിവഴിയിൽ പിരിഞ്ഞ് പോയാലും ഒന്നും സംഭവിക്കില്ല. അൻവർ ഏറ്റവും ചെറുതായത് പാർട്ടി മലപ്പുറം ജില്ലാ സെക്രട്ടറി ഇ.എൻ.മോഹൻദാസിനെ ആർ.എസുകാരനെന്ന് വിളിച്ചപ്പോഴാണ്. കള്ളക്കടത്ത്, കുഴൽപ്പണം, മണൽവാരൽ, വാഹനങ്ങളിൽ അനുവദനീയമായതിൽ അധികം ആളുകൾ യാത്ര ചെയ്യൽ എന്നിവയെല്ലാം നടത്തണമെന്ന് ചിന്തിക്കുന്നവരുണ്ട്. അത് കമ്മ്യൂണിസ്റ്റ് പാർട്ടി അനുവദിക്കില്ല. നേമത്ത് ഒ.രാജഗോപാൽ ജയിച്ചത് കോൺഗ്രസും ബി.ജെ.പിയും തമ്മിലുള്ള ധാരണയിലാണ്. കുറച്ച് കോൺഗ്രസ് നേതാക്കൾക്ക് ജയിക്കാനുള്ള വോട്ട് ബി.ജെ.പി കൊടുത്തു. പകരം രാജഗോപാലിനെ ജയിപ്പിച്ചാൽ മതിയെന്നായിരുന്നു ധാരണ. തൃശൂരിൽ . സുരേഷ് ഗോപി ജയിച്ചപ്പോൾ കോൺഗ്രസുകാർ വഞ്ചിച്ചെന്നാണ് കെ.മുരളീധരൻ പറഞ്ഞത്. .
നിലമ്പൂരിലെ വികസനം അൻവർ പുത്തൻവീട്ടിൽ തറവാട്ടിൽ നിന്ന് കൊണ്ടുവന്നതല്ല. അൻവർ മാസങ്ങളോളം ആഫ്രിക്കയിൽ പോയി കിടന്നപ്പോഴും കാര്യങ്ങൾ നോക്കിയത് സാധാരണക്കാരായ സഖാക്കളാണ്. മുമ്പ് കള്ളത്തരത്തിന്റെ ആളായി ചൂണ്ടിക്കാട്ടിയിരുന്ന അൻവർ ഇപ്പോൾ മാദ്ധ്യമങ്ങൾക്ക് മഹാനും ഹീറോയുമാണ്. പഴയ ആരോപണങ്ങളൊക്കെ മറന്നോ?. മാദ്ധ്യമപ്രവർത്തകരിൽ നല്ല ഷർട്ടും പാന്റും ലിപ്സ്റ്റിക്കുമൊക്കെ ഇട്ടു വരുന്നവരെ സൂക്ഷിക്കണം. അവർ കമ്മ്യൂണിസ്റ്റ് വിരുദ്ധത പ്രചരിപ്പിക്കുന്നവരാണ്. സർക്കാരിനെതിരെ മോശം പറയാൻ ചില മാദ്ധ്യമ പ്രവർത്തകരെ ശമ്പളം കൊടുത്ത് നിറുത്തിയിട്ടുണ്ട്.മലപ്പുറത്തിനെതിരായി മുഖ്യമന്ത്രിയുടെ വാക്കുകളെ ദുർവ്യാഖ്യാനം ചെയ്തു. . മതസൗഹാർദ്ദത്തിന്റെ നാടാണിത്. ഇതിന് അടിത്തറ പണിതത് കമ്മ്യൂണിസ്റ്റ് പാർട്ടിയാണ്.
തൃശൂർ പൂരം വിഷയത്തിൽ പിഴവ് കാണിച്ചവരോട് ഉദാര സമീപനമല്ല പാർട്ടി സ്വീകരിച്ചത്. ചുമതല വഹിച്ച ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി. എ.ഡി.ജി.പിക്കെതിരെ നടപടി സ്വീകരിച്ചു. . കരിപ്പൂർ എയർപോർട്ട് വഴി കടത്തുന്ന സ്വർണം മറ്റുള്ളവർ തട്ടിയെടുക്കുമായിരുന്നു. ഇരുകൂട്ടരും റോഡിലിറങ്ങിയാൽ ക്രമസമാധാന പ്രശ്നം വരുമെന്നതിനാലാണ് പൊലീസിനെ ഉപയോഗിച്ച് പിടിപ്പിക്കുന്നത്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്കെതിരെ കൃത്യമായ തെളിവുകളോടെ ആരും മുഖ്യമന്ത്രിയെ സമീപിച്ചിട്ടില്ല. ആരെയാണ് അദ്ദേഹം ലൈംഗികപരമായി സമീപിച്ചത്, അനധികൃതമായി സ്വത്ത് സമ്പാദിച്ചിട്ടുണ്ടോ എന്നൊന്നും തെളിവ് നൽകിയിട്ടില്ലെന്നും വിജയരാഘവൻ പറഞ്ഞു. സിനിമ,നാടക നടി നിലമ്പൂർ ആയിഷ, ഇ.എൻ.മോഹൻദാസ്, പി.കെ.സൈനബ, ടി.കെഹംസ, നാസർ കൊളായി എന്നിവരും സംസാരിച്ചു..