പ്രതിപക്ഷം വാലും ചുരുട്ടിയോടി: ജലീൽ

Tuesday 08 October 2024 1:47 AM IST

മലപ്പുറം: മലപ്പുറം ജില്ലയെ മുഖ്യമന്ത്രി അപമാനിച്ചെന്ന് പറഞ്ഞ് പ്രതിപക്ഷം നിയമസഭയിൽ കൊണ്ടുവന്ന അടിയന്തര പ്രമേയം ചർച്ചക്കെടുക്കാൻ മുഖ്യമന്ത്രി സമ്മതിച്ചത് യു.ഡി.എഫിന് ഇടിത്തീയായെന്നും ,ഇതേ പ്രമേയം വീണ്ടും അടിയന്തര പ്രമേയമായി കൊണ്ടുവരാനും ചർച്ച ചെയ്യാനും പ്രതിപക്ഷത്തിന് ധൈര്യമുണ്ടോയെന്നും കെ.ടി.ജലീൽ എം.എൽ.എ ഫേസ്ബുക്കിൽ കുറിച്ചു.

കള്ളി പൊളിയുമെന്ന് വന്നപ്പോൾ പ്രതിപക്ഷം വാലും ചുരുട്ടിയോടി. യു.ഡി.എഫ് നേതാക്കളുടെ സ്വർണക്കടത്തും ഹവാല ബന്ധവും തുറന്നു കാട്ടപ്പെടുമായിരുന്ന സഭാ പൂരം കലക്കി രക്ഷപ്പെടാമെന്ന് ആരും കരുതണ്ട. പ്രതിപക്ഷം ചർച്ച ഒഴിവാക്കാൻ നടത്തിയ പൊറാട്ടു നാടകമാണ് നിയമസഭയിൽ കണ്ടത്. ജില്ലയിൽ പിടി കൂടിയ സ്വർണവും ഹവാല പണവും എത്രയെന്നും പ്രതികളുടെ രാഷ്ട്രീയ ബന്ധവും എണ്ണിയെണ്ണിപ്പറഞ്ഞ് പ്രതിപക്ഷത്തെ തേച്ചൊട്ടിക്കാനുള്ള അവസരമാണ് തനിക്ക് നഷ്ടമായതെന്നും ജലീൽ കുറിച്ചു.