'മൈലോർഡ്, എന്റെ ചോറുപാത്രം കാണാനില്ല'; സുപ്രീം കോടതിയിൽ അസാധാരണ സന്ദർശകർ

Tuesday 08 October 2024 10:57 AM IST

സുപ്രീം കോടതിയിൽ തിരക്കിട്ട വാദപ്രതിവാദങ്ങൾ നടക്കുന്നതിനിടെ മോഷണം. അഭിഭാഷകർ നോക്കിനിൽക്കെയാണ് മോഷ്ടാവ് 'വിലപിടിപ്പുള്ള' വസ്തുവുമായി കടന്നുകളഞ്ഞത്. സുപ്രീം കോടതി വരാന്തയിൽവച്ച് ചോറുപാത്രം മോഷ്ടിക്കുകയും അവിടെവച്ചുതന്നെ അത് പരിശോധിക്കുകയും ചെയ്യുന്ന ഒരു കുരങ്ങന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്.

മുതിർന്ന അഭിഭാഷകനായ സഞ്ജയ് ഹെഗ്‌‌ഡെ പങ്കുവച്ച വീഡിയോയാണ് ശ്രദ്ധനേടുന്നത്. 'സുപ്രീം കോടതി വരാന്തയിൽ ചില അസാധാരണ സന്ദർശകർ എത്തി' എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. കോടതി വരാന്തയിലുള്ള ഒരു ഷെൽഫിൽ വച്ചിരുന്ന കവ‌ർ കൈക്കലാക്കിയ കുരങ്ങ് അഭിഭാഷകരുൾപ്പെടെയുള്ളവർ നോക്കിനിൽക്കെ കൈവരിയിൽ കയറിയിരുന്ന് പരിശോധിക്കുന്നു. തുടർന്ന് കവറിൽ നിന്ന് ചോറുപാത്രം പുറത്തെടുത്ത് അത് തുറക്കാൻ ശ്രമിക്കുന്നതാണ് വീഡിയോയിലുള്ളത്. ചുറ്റുമുള്ളവർ കൗതുകത്തോടെ കുരങ്ങന്റെ പ്രവൃത്തികൾ ശ്രദ്ധിക്കുന്നതും ദൃശ്യങ്ങൾ പകർത്തുന്നതും വീഡിയോയിൽ കാണാം. വീഡിയോയ്ക്ക് ഇതുവരെ അൻപതിനായിരത്തിലധികം വ്യൂസ് ആണ് ലഭിച്ചത്.

വളരെ രസകരമായ കമന്റുകളും വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്. നീതിക്കായുള്ള പോരാട്ടത്തിൽ സാധാരണക്കാരെ സഹായിക്കുകയാണ് കുരങ്ങുകളെന്ന് ചിലർ കമന്റ് ചെയ്തു. 'മൈലോർഡ്, ഞാൻ സത്യവാങ്‌മൂലം സമർപ്പിക്കാനിരുന്നതാണ്, പക്ഷേ എന്റെ ഉച്ചയൂണിനൊപ്പം അത് കാണാതായി, മൈലോർഡ് എന്റെ ഉച്ചയൂണ് കാണാനില്ല' എന്നിവയാണ് മറ്റ് ചില രസകരമായ കമന്റുകൾ. കുരങ്ങ് ശല്യത്തിൽ കാര്യക്ഷമമായ നടപടി സ്വീകരിക്കണമെന്ന് അധികൃതരോട് ഡൽഹി ഹൈക്കോടതി ഉത്തരവിട്ട് ദിവസങ്ങൾ പിന്നിടുമ്പോഴാണ് കുരങ്ങുകൾ സുപ്രീം കോടതിയിലും എത്തിയത്.