ആർഎസ്എസ് - എഡിജിപി ബന്ധം; അടിയന്തര പ്രമേയ ചർച്ചയ്ക്ക് അനുമതി
തിരുവനന്തപുരം: നിയമസഭ ചേർന്ന രണ്ടാം ദിനത്തിൽ ആർഎസ്എസ് - എഡിജിപി ബന്ധം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയത്തിന് അനുമതി നൽകി. 12മണി മുതൽ രണ്ട് മണിക്കൂർ ചർച്ചയ്ക്കാണ് അനുമതി നൽകിയിരിക്കുന്നത്. ഇന്നലത്തെ സാഹചര്യം ആവർത്തിക്കരുതെന്നും മുഖ്യമന്ത്രി പ്രതിപക്ഷത്തോട് പറഞ്ഞു.
അതിനിടെ ഇന്നും സഭയിൽ പ്രതിപക്ഷവും ഭരണപക്ഷവും തമ്മിൽ തർക്കം ഉണ്ടായി. പ്രതിപക്ഷ അംഗങ്ങൾക്കെതിരെ മന്ത്രി എംബി രാജേഷ് രംഗത്തെത്തിയതോടെയാണ് വീണ്ടും തർക്കം ഉണ്ടായത്. ഇന്നലെ സ്‌പീക്കർക്കെതിരെ പ്രതിപക്ഷം നടത്തിയ പ്രതിഷേധം കടുത്ത അച്ചടക്ക ലംഘനമാണെന്നാണ് എംബി രാജേഷ് പറഞ്ഞത്. പിന്നാലെ നാല് പ്രതിപക്ഷ അംഗങ്ങൾക്ക് താക്കീത് നൽകിയത് പ്രതിപക്ഷ നേതാവിനെ ചൊടിപ്പിച്ചു. നിയമസഭയിൽ പാലിക്കേണ്ട മര്യാദയും സഭാ ചട്ടങ്ങളും പാലിക്കാത്തതിന്റെ പേരിലാണ് നാല് എംഎൽഎമാർക്ക് താക്കീത് നൽകിയത്.
മാത്യു കുഴൽനാടൻ, ഐസി ബാലകൃഷ്ണൻ, അൻവർ സാദത്ത്, സജീവ് ജോസഫ് എന്നിവർക്കെതിരെ നടപടി വേണമെന്നായിരുന്നു എംബി രാജേഷ് ആവശ്യപ്പെട്ടത്. സ്പീക്കറെ അധിക്ഷേപിക്കുന്ന പ്രതിപക്ഷ നടപടി അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രിയും പറഞ്ഞു. എന്നാൽ പ്രതിഷേധക്കാരെ ചർച്ചക്ക് പോലും വിളിക്കാതെ ഏകപക്ഷീയമായി സഭ നിർത്തിവയ്ക്കുന്ന സ്പീക്കറുടെ നടപടിയെ പ്രതിപക്ഷ നേതാവും വിമർശിച്ചു. ഇന്നലെ അടിയന്തര പ്രമേയ ചർച്ച തീരുമാനിച്ചെങ്കിലും പ്രതിഷേധം കാരണം അതിന് മുമ്പേ സഭ പിരിഞ്ഞിരുന്നു.