എഡിജിപി പി വിജയൻ ഇനി ഇന്റലിജൻസ് മേധാവി;  ഉത്തരവിറക്കി സർക്കാർ

Tuesday 08 October 2024 2:15 PM IST

തിരുവനന്തപുരം: മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ എഡിജിപി പി വിജയനെ സംസ്ഥാന ഇന്റലിജൻസ് വിഭാഗം മേധാവിയായി നിയമിച്ചു. ഇന്റലിജൻസ് വിഭാഗം മേധാവി മനോജ് എബ്രഹാം ക്രമസമാധാന ചുമതലയിലേക്ക് മാറിയതോടെയാണ് പകരം പി വിജയനെ നിയമിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച് സർക്കാർ ഇന്ന് ഉത്തരവിറങ്ങി.

എഡിജിപി എം ആർ അജിത് കുമാറിന്റെ റിപ്പോർട്ടിനെ തുടർന്ന് മുൻപ് സസ്‌പെൻഡ് ചെയ്ത ഉദ്യോഗസ്ഥനാണ് എഡിജിപി പി വിജയൻ. നിലവിൽ പൊലീസ് അക്കാദമി ഡയറക്ടറായിരുന്നു. പൊലീസ് അക്കാദമി ഡയറക്ടറായി എറണാകുളം റേഞ്ച് ഐജി എ അക്ബറിനെയും നിയമിച്ചു.

എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിൽ പ്രതിയുമായുള്ള യാത്രാവിവരങ്ങൾ പുറത്തായത് വിജയൻ വഴിയാണെന്ന് പറഞ്ഞ് അജിത് കുമാർ സമർപ്പിച്ച റിപ്പോർട്ടിലായിരുന്നു സസ്‌പെൻഷൻ. എന്നാൽ അജിത് കുമാറിന്റെ അന്വേഷണത്തിലെ കണ്ടെത്തൽ തള്ളിയതിന് പിന്നാലെ വിജയന്റെ സസ്‌പെൻഷൻ പിൻവലിക്കുകയായിരുന്നു.

1999 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ വിജയൻ തീവ്രവാദ വിരുദ്ധ സേനയുടെ തലവനായിരുന്നു. ബുക്ക് ആൻഡ് പബ്ലിക്കേഷൻ സൊസെെറ്റിയുടെ ചുമതലയും സ്റ്റുഡൻഡ് കേഡറ്റ് ചുമതലയും വഹിച്ചിരുന്നു.