കോഴിക്കോട്ട് കെഎസ്‌ആർടിസി ബസ് പുഴയിലേക്ക് മറിഞ്ഞു; ഒരു മരണം, നിരവധി പേർക്ക് പരിക്ക്

Tuesday 08 October 2024 2:55 PM IST

കോഴിക്കോട്: പുല്ലൂരാംപാറയിൽ കെ എസ് ആർ ടി സി ബസ് പുഴയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ഒരു സ്ത്രീയാണ് മരിച്ചത്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. ചിലരുടെ ആരോഗ്യനില ഗുരുതരമാണെന്നും റിപ്പോർട്ടുകളുണ്ട്. മുത്തപ്പൻ പുഴയിൽ നിന്ന് തിരുവമ്പാടിയിലേക്ക് വരികയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.

തിരുവമ്പാടി കാളിയമ്പുഴയിൽ രണ്ട് മണിയോടെയായിരുന്നു അപകടം. ബസ്‌ കലുങ്കിലിടിച്ച്, നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിയുകയായിരുന്നു. ബസിൽ എത്ര പേരുണ്ടായിരുന്നുവെന്ന് വ്യക്തമല്ല. എല്ലാ സീറ്റിലും ആളുണ്ടായിരുന്നുവെന്നാണ് വിവരം.

ബസിനകത്ത് ചിലർ കുടുങ്ങിയിട്ടുണ്ട്. ഫയർഫോഴ്സിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തിവരികയാണ്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുകയാണ്. ക്രെയിൻ ഉപയോഗിച്ച് ബസ് ഉയർത്തിയിട്ടുണ്ട്. നാല് പേരുടെ നില ഗുരുതരമാണെന്ന് തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു അറിയിച്ചു. പാലം അപകടാവസ്ഥയിലായിരുന്നുവെന്നും അവർ വ്യക്തമാക്കി.