രക്ഷാപ്രവർത്തനത്തിനിടെ പൊലീസിനെ വെട്ടിലാക്കി 'കൃഷ്ണന്റെ നീന്തിക്കുളി',​ അവസാനം ട്വിസ്റ്റ്

Friday 09 August 2019 6:50 PM IST

ആലുവ: പ്രളയ രക്ഷാപ്രവർത്തനത്തിനിടെ വയോധികന്റെ നീന്തിക്കുളി നാട്ടുകാരെയും പൊലീസിനെയും വെട്ടിലാക്കി. കൊടുങ്ങല്ലൂർ സ്വദേശി കൃഷ്ണനാണ് രക്ഷാപ്രവർത്തനത്തിനിടെ നാട്ടുകാരും പൊലീസും നോക്കിനിൽക്കെ ആലുവ മണപ്പുറത്തെ പുഴയിലേക്ക് എടുത്തുചാടിയത്. വ്യാഴാഴ്ച മൂന്നുമണിയോടെയാണ് സംഭവം.

പുഴയിൽ എടുത്തുചാടിയ കൃഷ്ണനെ അൽപ്പസമയത്തിനകം കാണാതായി. കുറച്ചുസമയം കഴിഞ്ഞപ്പോൾ ക്ഷേത്രത്തിന് മുമ്പിലുള്ള ആൽമരത്തിലേക്ക് ആയാൾ നീന്തിക്കയറുന്നത് കണ്ടു. കരയിലേക്ക് നീന്തിക്കയറാൻ പൊലീസ് അവശ്യപ്പെട്ടെങ്കിലും അയാൾ കൂട്ടാക്കിയില്ല. കൃഷ്ണൻ ആൽമരത്തിന് മുകളിൽ കയറുകയാണ് ചെയ്തത്. തുടർന്ന് രക്ഷാപ്രവർത്തകർ നീന്തിച്ചെന്ന് കൃഷ്ണനോട് മരത്തിൽ നിന്ന് താഴെയിറങ്ങാൻ ആവശ്യപ്പെട്ടു. എന്നാൽ അത് കൂട്ടാക്കാതെ കൃഷ്ണൻ വീണ്ടും മണപ്പുറം ക്ഷേത്രത്തിന് സമീപത്തേക്ക് നീന്തി.

ക്ഷേത്രതൂണിന് അടുത്തെത്തിയതോടെ അയാൾ അപ്രത്യക്ഷമായി. പൊലീസും നാട്ടുകാരും നോക്കിയിട്ടും കാണാതിരുന്നതോടെ അയാൾ ഒഴുക്കിൽപ്പെട്ട് പോയിരിക്കാമെന്ന് സംശയിച്ചു. തെരച്ചിലിന് ഇറങ്ങിയ രക്ഷാപ്രവർകരും പ്രതികൂല കാലാവസ്ഥ മൂലം പിൻവാങ്ങുകയും ചെയ്തു. തുടർന്ന് കൃഷ്ണനെ കണ്ടെത്താൻ നേവിയുടെ സഹായം തേടുകയായിരുന്നു.

എന്നാൽ കുറച്ച് സമയത്തിന് ശേഷം അയാൾ റോഡിലൂടെ നടന്ന് പോകുന്നത് നാട്ടുകാർ കണ്ടു. ഉടനെ തന്നെ അയാളെ പിടിച്ച് നാട്ടുകാർ പൊലീസിന് കെെമാറി. തുടർന്ന് കേസെടുക്കാതെ താക്കീത് ചെയ്ത് പൊലീസ് കൃഷ്ണനെ വിട്ടയക്കുകയായിരുന്നു. തെങ്ങുകയറ്റ തൊഴിലാളിയായ തനിക്ക് ഇതൊന്നും പ്രശ്നമല്ലെന്നാണ് കൃഷ്ണൻ പൊലീസിനോട് പറഞ്ഞത്. ദിവസങ്ങളോളും പട്ടിണി കിടക്കാറുണ്ടെന്നും കുടജാദ്രിയിൽ തപസിരിക്കുകയും ചെയ്ത തനിക്ക് ഇതൊക്കെ എന്ത് എന്ന മട്ടിലായിരുന്നു കൃഷ്ണന്റെ വിശദീകരണം.