എം‌വി‌ഡി, പൊലീസ് ഉദ്യോഗസ്ഥർക്ക് മന്ത്രി ഗണേശിന്റെ പ്രത്യേക നിർദ്ദേശം, ആളുകളെ വഴിയിൽ പിടിച്ചുനിർത്തി ഇങ്ങനെ അപമാനിക്കരുത്

Tuesday 08 October 2024 10:06 PM IST

തിരുവനന്തപുരം: നിയമപരമായ രീതിയിൽ വാഹനങ്ങളിൽ കൂളിംഗ് ഫിലിം ഒട്ടിക്കാൻ ഹൈക്കോടതി അനുമതി നൽകിയിട്ടുണ്ടെന്ന കാര്യം ഉദ്യോഗസ്ഥരോട് സൂചിപ്പിച്ച് ഗതാഗത മന്ത്രി കെ.ബി ഗണേശ് കുമാർ. മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥർ, എൻഫോഴ്‌സ്‌മെ‌ന്റ്, പൊലീസ് ഉദ്യോഗസ്ഥർ എന്നിവർ യാത്രക്കാരെ വഴിയിൽ പിടിച്ചുനിർത്തി കൂളിംഗ് ഫിലിം വലിച്ചുകീറരുതെന്നും ഹൈക്കോടതി വിധി ഇക്കാര്യത്തിൽ ഉദ്യോഗസ്ഥർ‌ കൃത്യമായി പാലിക്കണമെന്നും ഫേസ്‌ബുക്കിലൂടെയുള്ള വീഡിയോയിൽ അദ്ദേഹം നിർദ്ദേശിച്ചു.

മുൻഗ്ളാസിൽ 70 ശതമാനവും സൈഡ് ഗ്ളാസിൽ 50 ശതമാനവും വിസിബിലിറ്റി മതിയെന്നാണ് കോടതി പറഞ്ഞത് ഇത് കൃത്യമായി പാലിക്കണം. അതിന്റെ പേരിൽ ആളുകളെ ബുദ്ധിമുട്ടിക്കരുത്. നിയമം പാലിക്കാതെ കട്ടിയുള്ള ഫിലിം ഒട്ടിച്ചാൽ അവർക്ക് ചെലാൻ അടിക്കാം. ഫൈനടച്ച് ഫിലിം മാറ്റി വാഹനം കൊണ്ടുവന്ന് കാണിക്കാൻ ആവശ്യപ്പെടാം. റോഡിൽ വച്ച് ഫിലിം വലിച്ചുകീറരുത്.മന്ത്രി പറഞ്ഞു.

ഫിലിം പരിശോധിക്കാൻ ഒരു മീറ്ററുണ്ട് അതിൽ വേണം ഉദ്യോഗസ്ഥർ അളക്കാനെന്നും അതല്ലാതെ കണ്ണുകൊണ്ട് കണ്ട് ഒരാളെ ഉപദ്രവിക്കാൻ വേണ്ടി ചെലാൻ എഴുതരുത് എന്നും മന്ത്രി നിർദ്ദേശിച്ചു. കുഞ്ഞുങ്ങളുമായി യാത്രചെയ്യുന്നവർ, ക്യാൻസർ രോഗികൾ എന്നിവർക്കെല്ലാം ഇപ്പോൾ ചൂട് അസഹനീയമാണെന്നും അവരെ ബുദ്ധിമുട്ടിക്കാതെ വേണം നടപടിയെന്നും മന്ത്രി ഓർമ്മിപ്പിച്ചു.