സജി ചെറിയാന്റെ പ്രസംഗം ഭരണഘടനയോടുള്ള അനാദരം

Wednesday 09 October 2024 1:34 AM IST

കൊച്ചി: ഭരണഘടനയെ വിമർശിച്ച് മന്ത്രി സജി ചെറിയാൻ നടത്തിയ പ്രസംഗത്തെക്കുറിച്ചുള്ള പൊലീസ് അന്വേഷണത്തിന്റെ കേസ് ഡയറി ഹാജരാക്കണമെന്ന് ഹൈക്കോടതി. മന്ത്രിയുടെ പ്രയോഗങ്ങൾ ഭരണഘടനയോടുള്ള അനാദരമാണെന്ന് പ്രഥമദൃഷ്ട്യാ സംശയിക്കാമെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് വ്യക്തമാക്കി. പ്രസംഗം കൃത്യമായി വിലയിരുത്താതെ അന്വേഷണ സംഘം അന്തിമ റിപ്പോർട്ട് തയാറാക്കിയതെങ്ങനെയെന്നും ചോദിച്ചു.

ക്ലീൻചിറ്റ് നൽകിയ പൊലീസ് റിപ്പോർട്ട് പരിഗണിച്ച് സജി ചെറിയാനെ മജിസ്ട്രേറ്റ് കോടതി കുറ്റവിമുക്തനാക്കിയിരുന്നു. ഇതിനെ ചോദ്യം ചെയ്തും സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ടും അഡ്വ. എം. ബൈജു നോയലാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹർജിയിൽ 23ന് വീണ്ടും വാദം കേൾക്കും.നാഷണൽ ഓണർ ആക്ടിന്റെ 2003ലെ ഭേദഗതി പ്രകാരം, പ്രസംഗത്തിലെ ചില വാചകങ്ങൾ ഭരണഘടനയോടുള്ള അനാദരമായി കരുതാമെന്ന് കോടതി ചൂണ്ടിക്കാട്ടി. ''ഇന്ത്യയിൽ ഏറ്റവുമധികം ജനങ്ങളെ കൊള്ളയടിക്കാൻ പറ്റിയ ഭരണഘടനയാണ് എഴുതിവച്ചിരിക്കുന്നത്. ജനാധിപത്യം, മതേതരത്വം, കുന്തവും കുടച്ചക്രവുമൊക്കെ അതിന്റെ മൂലയിലുണ്ട്"" എന്നീ പ്രയോഗങ്ങളാണ് ഹർജിയിൽ എടുത്തുപറയുന്നത്. മന്ത്രിയുടെ ശബ്ദപരിശോധന നടത്താതെയും ചില സാക്ഷിമൊഴികൾ തള്ളിയുമാണ് പൊലീസ് നിഗമനമെന്ന് ഹർജിക്കാരൻ ആരോപിച്ചു. ഹർജി നിലനിൽക്കുന്നതല്ലെന്നും ആരോപണങ്ങൾ ശരിയല്ലെന്നും സർ‌ക്കാർ വാദിച്ചു.2022 ജൂലായ് 3ന് സി.പി.എം മല്ലപ്പള്ളി ഏരിയാ കമ്മിറ്റിയുടെ പരിപാടിയിൽ സജി ചെറിയാൻ നടത്തിയ പ്രസംഗമാണ് കേസായത്. തുടർന്ന് അദ്ദേഹം രാജിവച്ചെങ്കിലും വിചാരണക്കോടതി കുറ്റവിമുക്തനാക്കിയതോടെ മന്ത്രി സ്ഥാനത്ത് തിരിച്ചെത്തി. .

പദവികൾ വഹിക്കുന്നവർ

വാക്കുകളിൽ ശ്രദ്ധിക്കണം

ഔദ്യോഗിക പദവിയിലുള്ള വ്യക്തികൾ വാക്കുകൾ പരിധി വിടാതെ ശ്രദ്ധിക്കേണ്ടതാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. പ്രസംഗം റെക്കാ‌ർഡ് ചെയ്ത പെൻഡ്രൈവ് ഫോറൻസിക് പരിശോധനയ്ക്ക് അയച്ചെങ്കിലും റിപ്പോർട്ട് കിട്ടിയിട്ടില്ലെന്നാണ് സർക്കാർ പറയുന്നത്. അതിന് മുമ്പ് എങ്ങനെയാണ് അന്വേഷണം പൂർത്തിയാക്കിയതെന്ന് കോടതി ചോദിച്ചു. കേസ് തെളിയിക്കാൻ ഫോറൻസിക് റിപ്പോർട്ട് അനിവാര്യമല്ലെന്ന് പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി.എ. ഷാജി വാദിച്ചു. . മന്ത്രിയുടെ രണ്ടര മണിക്കൂർ പ്രസംഗത്തിൽ സാന്ദർഭികമായി പറഞ്ഞ കാര്യങ്ങൾ മാത്രമാണിതെന്നും സർക്കാർ വാദിച്ചു.