ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി: മുൻ ഡി.വൈ.എഫ്.ഐ വനിതാനേതാവ് ഒളിവിൽ
കാസർകോട്: സി.പി.സി.ആർ.ഐയിൽ ജോലി വാഗ്ദാനം ചെയ്ത് 15 ലക്ഷത്തിലേറെ രൂപ തട്ടിയെടുത്തെന്ന പരാതിയിൽ കേസെടുത്തതോടെ അദ്ധ്യാപികയും മുൻ ഡി.വൈ.എഫ് ഐ നേതാവുമായ ബെൽത്തക്കല്ലുവിലെ സച്ചിത റൈ ഒളിവിൽ.
കാസർകോട് കിദൂർ പതക്കൽ ഹൗസിലെ നിഷ്‌മിത ഷെട്ടിയുടെ (24) പരാതിയിലാണ് കുമ്പള പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
ബാഡൂർ എ.എൽ.പി സ്കൂളിൽ അദ്ധ്യാപികയാണ് സച്ചിത റൈ. ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റി അംഗം, ബാലസംഘം ജില്ലാ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 2023 മേയ് 31 മുതൽ 2023 ആഗസ്റ്റ് 25 വരെ പല തവണകളായി 15,05796 രൂപ വാങ്ങി വഞ്ചിച്ചുവെന്നാണ് നിഷ്‌മിത ഷെട്ടിയുടെ പരാതി. ബാങ്ക് മുഖേന പണം ഇടപാട് നടത്തിയ രേഖകൾ പൊലീസിന് ലഭിച്ചിട്ടില്ല.രേഖകൾ ലഭിച്ചതിന് ശേഷമേ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കുകയുള്ളുവെന്നാണ് വിവരം.
പിഞ്ചു കുഞ്ഞുമായി യുവതി എറണാകുളത്ത് എത്തിയതായി സൂചന ലഭിച്ചിട്ടുണ്ട്. മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കാനാണ് ശ്രമം. വിവാഹശേഷം കോഴിക്കോടാണ് താമസിക്കുന്നത്.
കൈക്കൂലിയിലും
ജി.എസ്.ടി
ജോലി വാഗ്‌ദാനം ചെയ്തു സച്ചിത റൈ പണം കൈപ്പറ്റിയത് ജി. എസ്. ടി തുകയും ചേർത്താണ്.സച്ചിത റൈയെ പാർടി വിരുദ്ധ പ്രവർത്തനത്തിന്റെ പേരിൽ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയതായി സി.പി.എം കുമ്പള ഏരിയ സെക്രട്ടറി സി.എ സുബൈർ അറിയിച്ചു.ബെൽത്തക്കല്ലു ബ്രാഞ്ച് അംഗമാണ് സച്ചിത റൈ.ജോലി വാഗ്ദാനം ചെയ്ത് നിരവധി ആളുകളിൽ നിന്ന് പണം തട്ടിയതായും കർണ്ണാടകയിലെ കേന്ദ്രഭരണ പാർട്ടിയുടെ പ്രാദേശിക നേതാക്കളുമായി തട്ടിപ്പ് സംഘത്തിന് ബന്ധമുള്ളതായും സംശയിക്കുന്നു. പാർട്ടിയുമായി ബന്ധപ്പെടുത്തി വരുന്ന വാർത്തകൾ വസ്തുത വിരുദ്ധവും യാഥാർത്ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്തതുമാണ്. കുറ്റക്കാരായ മുഴുവൻ ആളുകളുടെയും പേരിൽ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്ന് സി.പി.എം കുമ്പള ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു.