ചെറുമകളെ പീഡിപ്പിച്ചയാൾക്ക് 102 വർഷം കഠിനതടവും പിഴയും
തിരുവനന്തപുരം: അഞ്ച് വയസുള്ള ചെറുമകളെ പീഡിപ്പിച്ച കേസിൽ 62കാരനെ കോടതി വിവിധ വകുപ്പുകളിലായി 102 വർഷം കഠിന തടവിനും 1,05,000 രൂപ പിഴയ്ക്കും ശിക്ഷിച്ചു. പിഴ ഒടുക്കിയില്ലെങ്കിൽ പ്രതി രണ്ട് വർഷം അധിക തടവ് അനുഭവിക്കണം. കഠിനംകുളം സ്വദേശി ഫെലിക്സിനെയാണ് ശിക്ഷിച്ചത്.
പ്രതിയുടെ പ്രവൃത്തി സമൂഹ മനഃസാക്ഷിയെ ഞെട്ടിക്കുന്നതെന്ന് പ്രത്യേക പോക്‌സോ കോടതി ജഡ്ജി ആർ. രേഖ ചൂണ്ടിക്കാട്ടി. പ്രായം പരിഗണിച്ച് ശിക്ഷയിൽ ഇളവ് നൽകുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകും. പരമാവധി ശിക്ഷ നൽകണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം അംഗീകരിക്കുകയായിരുന്നു.
2020-21ലാണ് പ്രതിയുടെ വീട്ടിൽ കളിക്കാനെത്തിയിരുന്ന കുട്ടിയെ നിരന്തരം പീഡിപ്പിച്ചത്. ഇയാൾ കുട്ടിയുടെ അമ്മയുടെ പിതൃസഹോദരനാണ്. ഇയാളുടെ ഭീഷണി ഭയന്ന് കുട്ടി ഇക്കാര്യം ആരോടും പറഞ്ഞിരുന്നില്ല. എന്നാൽ, കുട്ടി കൂട്ടുകാരുമായി കളിക്കുന്നതിനിടെ അപ്പൂപ്പൻ ചീത്തയാണെന്ന് പറയുന്നത് അമ്മൂമ്മ കേട്ടിരുന്നു. അമ്മൂമ്മ കുട്ടിയോട് വിശദമായി ചോദിച്ചപ്പോഴാണ് കാര്യം അറിയുന്നതും പൊലീസിൽ പരാതിപ്പെടുന്നതും. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.എസ്.വിജയ് മോഹൻ ഹാജരായി.