അപകടകാരണം ഡ്രെെവറുടെ  അശ്രദ്ധയാകാം; കെഎസ്ആർടിസി ബസ് പുഴയിൽ മറിഞ്ഞ സംഭവത്തിൽ വിശദമായ പഠനം വേണമെന്ന് ആർടിഒ

Wednesday 09 October 2024 2:24 PM IST

കോഴിക്കോട്: തിരുവമ്പാടി കെഎസ്ആർടിസി ബസ് അപകടത്തിന്റെ കാരണം കണ്ടെത്താൻ വിശദമായ പഠനം ആവശ്യമാണെന്ന് കോഴിക്കോട് എൻഫോഴ്സ്‌മെന്റ് ആർടിഒ റിപ്പോർട്ടിൽ പറയുന്നു. ഡ്രെെവറുടെ അശ്രദ്ധയാകാം അപകടത്തിന് കാരണമെന്നും ആർടിഒ പ്രാഥമിക റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.

ബസിന്റെ ടയറുകൾ കുഴപ്പമില്ലെന്നും ബ്രേക്ക് തകരാർ ഇല്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. എതിർവശത്ത് വാഹനം ഉണ്ടായിരുന്നില്ല. ബസ് അമിത വേഗതയിൽ ആയിരുന്നില്ല. ബസിന്റെ ബ്രേക്ക് സിസ്റ്റം വീണ്ടും പരിശോധിക്കണമെന്നും വിശദമായ അന്വേഷണം ആവശ്യമാണെന്നും ആർടിഒ പറഞ്ഞു.

കാളിയാമ്പുഴയിലേക്ക് കെെവരിയില്ലാത്ത പാലത്തിൽ നിന്ന് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ടുപേരാണ് മരിച്ചത്. കോടഞ്ചേരി കണ്ടപ്പംഞ്ചാൽ വേലംകുന്നേൽ വാസുവിന്റെ ഭാര്യ കമല (61), ആനക്കാംപൊയിൽ പടിഞ്ഞാറക്കര തോയിലിൽ പരേതനായ മാത്യുവിന്റെ ഭാര്യ ത്രേസ്യ (75) എന്നിവരാണ് മരിച്ചത്. ഡ്രെെവർ ഷിബുവും കണ്ടക്ടർ റെനീഷുമുൾപ്പെടെ 26 പേർക്ക് പരിക്കേറ്റു.

ഇന്നലെ ഉച്ചയ്ക്ക് 1.30നായിരുന്നു അപകടം. ആനക്കാംപൊയിലിൽ നിന്ന് തിരുവമ്പാടിയിലേക്ക് വന്ന കെ.എസ്.ആർ.ടി.സി ഓർഡിനറി ബസാണ് അപകടത്തിൽപ്പെട്ടത്. റോഡിലെ കലുങ്കിലിടിച്ച് നിയന്ത്രണം വിട്ട ബസ് പാലത്തിന്റെ കൈവരി തകർത്താണ് പുഴയിലേക്ക് മറിഞ്ഞത്. ബസിന്റെ മുൻഭാഗത്തിരുന്നവർക്കാണ് ഗുരുതരമായി പരിക്കേറ്റത്.

ബസ് കുത്തനെ പുഴയിലേക്ക് വീണതോടെ പിന്നിലുണ്ടായിരുന്നവരും മുന്നിലേക്ക് വീണു. ഹൈഡ്രോളിക് കട്ടറുൾപ്പെടെ ഉപയോഗിച്ച് ബസിന്റെ ഭാഗങ്ങൾ മുറിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. ബസിന്റെ മുൻഭാഗം മാത്രം പുഴയിലേക്ക് വീണതിനാൽ അപകടത്തിന്റെ ആഘാതം കുറഞ്ഞു. നാട്ടുകാരും പൊലീസും മുക്കം ഫയർഫോഴ്സും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.