മുള്‍ട്ടാന്‍ 'ഹൈവേയില്‍' അടിയോടടി; വശംകെട്ട് പാകിസ്ഥാന്‍ ബൗളര്‍മാര്‍

Wednesday 09 October 2024 6:35 PM IST

മുള്‍ട്ടാന്‍: തോല്‍വി ഭയന്ന് ബാറ്റിംഗ് പിച്ച് ഉണ്ടാക്കിയ പാകിസ്ഥാന് ഇംഗ്ലണ്ടിന്റെ വക ബാറ്റിംഗ് ക്ലാസ്. ആദ്യം ബാറ്റ് ചെയ്ത് 556 റണ്‍സ് നേടിയ പാകിസ്ഥാന് അതിലും വലിയ തിരിച്ചടി നല്‍കുകയാണ് ഇംഗ്ലണ്ട്. മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ വെറും മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 492 റണ്‍സ് എന്ന നിലയിലാണ് സന്ദര്‍ശകര്‍. രണ്ടാം ദിനം 96ന് ഒന്ന് എന്ന നിലയില്‍ കളി നിര്‍ത്തിയ ഇംഗ്ലീഷുകാര്‍ മൂന്നാം ദിവസം വെറും രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ അടിച്ചെടുത്തത് 396 റണ്‍സ്.

തകര്‍പ്പന്‍ സെഞ്ച്വറികള്‍ നേടിയ ജോ റൂട്ട് (176*), ഹാരി ബ്രൂക്ക് (141*) എന്നിവരാണ് ക്രീസില്‍. നേരത്തെ സാക് ക്രൗളി (78), ബെന്‍ ഡക്കറ്റ് (84) എന്നിവര്‍ അര്‍ദ്ധ സെഞ്ച്വറികള്‍ നേടി പുറത്തായി. ക്യാപ്റ്റ്ന്‍ ഒലി പോപ്പിന്റെ വിക്കറ്റ് ഇംഗ്ലണ്ടിന് ഇന്നലെ തന്നെ നഷ്ടമായിരുന്നു. ഷഹീന്‍ ഷാ അഫ്രീദി, നസീം ഷാ, ആമിര്‍ ജമാല്‍ എന്നിവര്‍ പാകിസ്ഥാന് വേണ്ടി ഓരോ വിക്കറ്റ് വീതം വീഴ്ത്തി. മിസ്റ്ററി സ്പിന്നര്‍ അബ്രാര്‍ അഹമ്മദ് പൊതിരെ തല്ല് വാങ്ങിക്കൂട്ടി. 35 ഓവര്‍ എറിഞ്ഞ താരത്തിനെതിരെ 174 റണ്‍സാണ് ഇംഗ്ലണ്ട് ബാറ്റര്‍മാര്‍ അടിച്ചെടുത്തത്.

മത്സരം നടക്കുന്ന മുള്‍ട്ടാനിലെ പിച്ചിനെ സംബന്ധിച്ച് വന്‍ വിമര്‍ശനമാണ് ഇതിനോടകം ഉയരുന്നത്. ബംഗ്ലാദേശിനെതിരെ രണ്ട് മത്സരങ്ങള്‍ തോല്‍വി വഴങ്ങിയതിലെ ഭയം കാരണം ബൗളിംഗിനെ ഒരു വിധ്തതിലും പിന്തുണയ്ക്കാത്ത ഫ്‌ളാറ്റ് വിക്കറ്റാണ് മുള്‍ട്ടാനില്‍ ഒരുക്കിയിരിക്കുന്നത്. മുന്‍ ഇംഗ്ലീഷ് താരങ്ങളായ മൈക്കള്‍ വോണ്‍, കെവിന്‍ പീറ്റേഴ്‌സണ്‍ എന്നിവര്‍ മുള്‍ട്ടാനിലെ പിച്ചിനെ വിമര്‍ശിച്ച് രംഗത്ത് വന്നിരുന്നു. ഇതിലും ഭേദം വല്ല ഹൈവേയിലും കളി നടത്തുന്നതായിരുന്നുവെന്നാണ് പിസിബിക്ക് എതിരെ ഉയരുന്ന ആക്ഷേപം.