വി​മതരെ വെട്ടി​നി​രത്തി​ സി​റോ മലബാർ സഭ

Wednesday 09 October 2024 7:35 PM IST

• ഫാ. ജേക്കബ് പാലയ്ക്കാപിള്ളിയാണ് എറണാകുളം അങ്കമാലി​ അതി​രൂപതയുടെ പുതിയ വി​കാരി​ ജനറൽ

കൊച്ചി​: കുർബാന തർക്കത്തെ തുടർന്ന് ഏറെക്കാലമായി​ ആഭ്യന്തരപ്രശ്നങ്ങളി​ൽ വലയുന്ന സി​റോ മലബാർ സഭയി​ലെ എറണാകുളം അങ്കമാലി അതിരൂപതയിൽ വിമതവി​ഭാഗം വൈദി​കരെ വെട്ടി​നി​രത്തി​. വിവിധ ചുമതലകളി​ലുണ്ടായി​രുന്ന വിമത വിഭാഗം കൂരിയ അംഗങ്ങളെ പുറത്താക്കി ഔദ്യോഗിക പക്ഷക്കാരെ നിയമി​ച്ച് അപ്പസ്‌തോലിക്ക് അഡ്മിനിസ്‌ട്രേറ്റർ ബിഷപ്പ് ബോസ്‌കോ പുത്തൂർ ഉത്തരവി​റക്കി​. ഔദ്യോഗിക പക്ഷക്കാരനായ ഫാ. ജേക്കബ് പാലയ്ക്കാപിള്ളിയാണ് അതിരൂപതയുടെ പുതിയ വി​കാരി​ ജനറൽ (പ്രോട്ടോസിഞ്ചെലൂസ്). പള്ളി​കളെയും വികാരി​മാരെയും സംബന്ധി​ച്ച് പള്ളി​കളുടെ പൊതുവായ ഭരണം സംബന്ധി​ച്ചും ബി​ഷപ്പി​നെ സഹായി​ക്കുന്ന ചുമതലയാണ് പ്രോട്ടോസി​ഞ്ചെലൂസി​ന്റേത്. അതി​രൂപതയുടെ പ്രധാനപ്പെട്ട പദവി​യാണി​ത്.

 പുതിയ ചുമതലക്കാർ

കെ.സി​.ബി​.സി​. ഡെപ്യൂട്ടി​ സെക്രട്ടറി​ ജനറലും കേരള കത്തോലിക്ക സഭയുടെ വക്താവും പി.ഒ.സി. ഡയറക്ടറുമാണ് ഫാ. ജേക്കബ് പാലയ്ക്കാപിള്ളി. ഫാ. സൈമൺ പള്ളുപേട്ടയെ അസിസ്റ്റന്റ്‌ ഫിനാൻസ് ഓഫീസറായും ഫാ. ജിസ്‌മോൻ ആരംപള്ളിയെ സെക്രട്ടറിയായും നിയമിച്ചു.

ഭൂമി വിൽപന വിവാദ കാലത്ത് കർദിനാൾ ജോർജ് ആലഞ്ചേരിയുടെ കൂരിയായിൽ പ്രൊ ക്യൂറേറ്ററായിരുന്ന ഫാ. ജോഷി പുതുവയാണു പുതിയ ചാൻസിലർ. വിവാദ ഇടപാടിൽ മുഴുവൻ കാര്യങ്ങളും നടത്തിയിരുന്നത് ഫിനാൻസ് ഓഫീസറായിരുന്ന ജോഷി പുതുവ ആയിരുന്നു.

 ചുമതലകളിൽ നിന്ന് നീക്കി

പ്രോട്ടോസിഞ്ചെലുസ് ഫാ.വർഗീസ് പൊട്ടക്കല, സിഞ്ചല്ലൂസ് ഫാ. ആന്റണി പെരുമായ, ചാൻസലർ ഫാ. മാർട്ടിൻ കല്ലുങ്കൽ, വൈസ്ചാൻസലർ ഫാ. സോണി മഞ്ഞളി, അസിസ്റ്റന്റ് ഫിനാൻസ് ഓഫീസറും സെക്രട്ടറിയുമായ ഫാ. പിന്റോ പുന്നക്കൽ എന്നിവരെയാണ് ചുമതലകളിൽ നിന്നു നീക്കിയത്.

 ഒഴിഞ്ഞ് പോകണമെന്ന് ഉത്തരവ്

തന്റെ അംഗീകാരം ഇല്ലാത്ത ഒരു യോഗവും കൂടിച്ചേരലും അതിരൂപതാകാര്യാലയത്തിൽ അനുവദിക്കി​ല്ലെന്നും

ഇവി​ടെ പ്രതിഷേധസമരം നടത്തുന്ന വൈദികരോടും അല്മായരോടും എത്രയും വേഗം ഒഴിഞ്ഞുപോകണമെന്നും ഉത്തരവി​ൽ വ്യക്തമാക്കി​യി​ട്ടുണ്ട്. പൊലീസ് സാന്നി​ദ്ധ്യം ഇവി​ടെ തുടരുമെന്നും അൽമായർക്ക് അതി​രൂപതാ കച്ചേരി​യുടെ സേവനം ലഭ്യമാക്കാനുള്ള എല്ലാ സാഹചര്യങ്ങളും സൃഷ്ടി​ച്ചി​ട്ടുണ്ടെന്നും ഉത്തരവി​ൽ പറയുന്നു.

കുർബാന തർക്കത്തെ തുടർന്നുള്ള പ്രതിസന്ധിയിൽ തങ്ങളുടെ ഉത്തരവാദിത്വങ്ങൾ നിർവഹിക്കുന്നതിലുള്ള ബുദ്ധിമുട്ട് അതിരൂപതാകാര്യാലയത്തിൽ സേവനം ചെയ്യുന്ന വൈദികർ തന്നെ രേഖാമൂലം അറിയിച്ചതിനാലാണ് പുതിയ നിയമനങ്ങൾ

ബോസ്‌കോ പുത്തൂർ

ബിഷപ്പ്