തക്കാളി വീണ്ടും കുതിപ്പിൽ

Thursday 10 October 2024 12:40 AM IST

കോലഞ്ചേരി: മാസങ്ങളുടെ ഇടവേളയ്ക്ക് ശേഷം തക്കാളിക്ക് വീണ്ടും വില ഉയരുന്നു. കിലോ നൂറിലേയ്ക്കാണടുക്കുന്നത്. ഇന്നലെ ചില്ലറ വില 90 ലെത്തി. ഇന്നോ നാളെയോ നൂറ് കടക്കും. കഴിഞ്ഞ ജൂണിൽ വില 140 വരെയെത്തി പിന്നീട് ഇടിഞ്ഞ് 40 നായിരുന്നു രണ്ടാഴ്ച മുമ്പ് വരെ വില്പന. പെട്ടെന്നാണ് വില കുതിപ്പിലായത്. ഓണക്കാലത്ത് വില ഉയരേണ്ട സമയമായിരുന്നെങ്കിലും കാര്യമായ കയറ്റമുണ്ടായില്ല. ആവശ്യത്തിനുള്ള ലോഡെത്തുന്നില്ലെന്നാണ് മൊത്തകച്ചവടക്കാർ പറയുന്നത്.

തമിഴ് നാട്ടിലെ ഉടുമൽപെട്ട് , പൊള്ളാച്ചി, ഒട്ടൻചത്രം, എം.ജി.ആർ മാർക്ക​റ്റുകളിൽ നിന്നാണ് തക്കാളിയെത്തുന്നത്. നിലവിൽ അഞ്ച് ആറ് ലോഡാണ് മാർക്കറ്റുകളിൽ എത്തുന്നത്. ചരക്കെടുക്കാൻ മൊത്തകച്ചവടക്കാർ മത്സരിച്ച് ലേലം വിളിക്കുന്നതോടെ വില കുത്തനെ ഉയരുകയാണ്. തമിഴ്‌നാട്ടിൽ വിളവെടുപ്പ് സീസൺ കഴിഞ്ഞതോടെ നാസിക്കിൽ നിന്നുമാണ് ചരക്കെത്തുന്നത്. റോഡ് മാർഗമെത്തുമ്പോഴുള്ള ചെലവ് വർദ്ധിച്ചതും വിലക്കയ​റ്റത്തിന് കാരണമാണ്.

 ഹോട്ടലുകൾ പ്രതിസന്ധിയിൽ

വിലക്കയ​റ്റത്തിൽ വലയുന്നത് ഹോട്ടലുടമകളാണ്. കുറച്ച് നാൾ മുമ്പാണ് ഊണിനടക്കം വില കൂട്ടിയത്. പെട്ടെന്ന് വീണ്ടും കൂട്ടുന്നത് കച്ചവടത്തെ ബാധിക്കുമെന്ന ആശങ്കയുമുണ്ട്. ഫ്രീയായി നൽകുന്ന സാമ്പാറിന് കാശു വാങ്ങേണ്ട അവസ്ഥയിലേക്കാണെന്ന് ഹോട്ടലുടമകൾ പറയുന്നു.