വിമാനത്താവളങ്ങളിൽ പണമൊഴുക്കാൻ അദാനി

Saturday 10 August 2019 6:20 AM IST

ന്യൂഡൽഹി: വിമാനത്താവള മാനേജ്‌മെന്റ് രംഗത്ത് 2026നകം 10,000 കോടി രൂപ നിക്ഷേപിക്കാൻ അദാനി ഗ്രൂപ്പിന് കീഴിലെ അദാനി എന്റർപ്രൈസസ് ലിമിറ്റഡ് (എ.ഇ.എൽ) ഒരുങ്ങുന്നു. എ.ഇ.എല്ലിന്റെ ഉപസ്ഥാപനമായ അദാനി എയർപോർട്‌സ് ലിമിറ്റഡ് അടുത്തിടെ തിരുവനന്തപുരം അടക്കം രാജ്യത്തെ ആറു വിമാനത്താവളങ്ങളുടെ നടത്തിപ്പിനുള്ള കരാർ എയർപോർട്‌സ് അതോറിറ്റി ഒഫ് ഇന്ത്യയിൽ (എ.എ.ഐ) നിന്ന് നേടിയിരുന്നു.

തിരുവനന്തപുരത്തിന് പുറമേ അഹമ്മദാബാദ്, ജയ്‌പൂർ, ലക്‌നൗ, ഗുവഹാത്തി, മംഗലാപുരം വിമാനത്താവളങ്ങളുടെ നടത്തിപ്പ് കരാറാണ് അദാനി നേടിയത്. കേന്ദ്ര കാബിനറ്റിന്റെ അനുമതിയോടെ ഇതിൽ അഹമ്മദാബാദ്, ലക്‌നൗ, മംഗലാപുരം വിമാനത്താവളങ്ങളുടെ ചുമതല അദാനിക്ക് എ.എ.ഐ കൈമാറിയിട്ടുണ്ട്. മറ്റ് മൂന്നു വിമാനത്താവളങ്ങളുടെ അനുമതിയിൽ അന്തിമ തീരുമാനമായിട്ടില്ല. ആറു വിമാനത്താവളങ്ങളിലുമായി ആദ്യഘട്ടത്തിൽ 3,600 കോടി രൂപയും പിന്നീട് മൂലധനമായി ബാക്കി തുകയും നിക്ഷേപിക്കുമെന്ന് എ.ഇ.എൽ ചീഫ് ഫിനാൻഷ്യൽ ഓഫീസർ ജുഗേഷീന്ദർ സിംഗ് പറഞ്ഞു.

'തിരുവനന്തപുരം"

തീരുമാനമായിട്ടില്ല

തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൈമാറുന്ന കാര്യത്തിൽ അന്തിമതീരുമാനം എടുത്തിട്ടില്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി പറഞ്ഞു. തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് സ്വകാര്യ കമ്പനിക്ക് നൽകരുതെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ കത്ത് ലഭിച്ചിട്ടുണ്ട്. വിമാനത്താവളത്തിന്റെ നടത്തിപ്പ് സംസ്ഥാന സർക്കാർ ഏറ്റെടുക്കാമെന്നും മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ അന്തിമതീരുമാനം പീന്നിട് ഉണ്ടാകുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.