ഒറ്റമാസം; 137 ലഹരിക്കേസ്,​ 153 അറസ്റ്റ് !

Thursday 10 October 2024 12:53 AM IST

കൊച്ചി: ഓപ്പറേഷൻ ക്ലീൻ സിറ്റിയുമായി കച്ചകെട്ടി ഇറങ്ങിത്തിരിച്ച കൊച്ചി സിറ്റി പൊലീസ് ലഹരി മാഫിയയുടെ വേരറുക്കുന്നു. കഴിഞ്ഞമാസം 137 ലഹരിക്കേസുകളിലായി 153 പേർ അറസ്റ്റിലായി. ഇതിൽ അധികവും യുവതീയുവാക്കളാണ്. പ്രതികളിൽ നിന്ന് 52 കിലോ ഗ്രാം കഞ്ചാവും 83.89 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. ആഗസ്റ്റിൽ 'യോദ്ധാവ്' സ്‌ക്വാഡിനെ ഡാൻസാഫുമായി ലയിപ്പിച്ചാണു ഓപ്പറേഷന് പൊലീസ് ഇറങ്ങിയത്.

ദിനംപ്രതി വർദ്ധിച്ചു വരുന്ന ലഹരി ഇടപാടുകളുടെ വേരറുക്കാൻ ശക്തമായ സംവിധാനം വേണമെന്ന ആവശ്യം പരിഗണിച്ചായിരുന്നു തീരുമാനം. രണ്ട് യോദ്ധാവ് ടീമുകളിലായി 18 അംഗങ്ങളുണ്ടായിരുന്നു. നിലവിൽ അംഗങ്ങളുടെ എണ്ണം 36 ആയി. ഒരു എസ്‌.ഐയുടെ നേതൃത്വത്തിൽ 9 പൊലീസുകാരാണ് ഒരോ ഡാൻസാഫ് ടീമിലുമുള്ളത്.നർക്കോട്ടിക് എ.സി.പിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണു നാലു സംഘങ്ങളും.

എറണാകുളം, എറണാകുളം സെൻട്രൽ, തൃക്കാക്കര, പശ്ചിമകൊച്ചി എന്നീ മേഖലകളായി തിരിച്ചാണ് ഇവരെ നിയോഗിച്ചിരിക്കുന്നത്. ഇടപ്പള്ളി ട്രാഫിക് സ്‌റ്റേഷനിലാണ് ഓഫീസ്. മയക്കുമരുന്ന് പരിശോധിക്കാനുള്ള കിറ്റുകൾ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ നൽകിയിട്ടുണ്ട്. വാഹനങ്ങളും ലഭ്യമാക്കി. ടവർ ലൊക്കേഷൻ കണ്ടെത്തൽ, കോൾ വിശദാംശം പരിശോധിക്കൽ തുടങ്ങിയവയ്ക്കായി സൈബർ സെല്ലിലെ ഉദ്യോഗസ്ഥനുമുണ്ട്.


 പ്രവർത്തനം ഇങ്ങനെ
സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യയുടെയും ഡി.സി.പി കെ.എസ്. സുദർശന്റെയും നേതൃത്വം. നാർകോട്ടിക് എ.സി.പിയുടെ നേതൃത്വത്തിൽ ആക്ഷൻ.

 പിടികൂടിയത്

• കഞ്ചാവ്

• എം.ഡി.എം.എ
• കൊക്കെയ്ൻ,
• ബ്രൗൺഷുഗർ
• ഹാഷിഷ് ഓയിൽ
• എക്‌സിറ്റി പിൽ

 നിരീക്ഷണം
• ലോഡ്ജുകൾ
•പാർക്കുകൾ
• ഹോട്ടലുകൾ
• തട്ടുകടകൾ
• ബസ് സ്റ്റാൻഡ്
• റെയിൽവേ സ്‌റ്റേഷൻ