ഓട്ടോ വിട്ടുനൽകാത്തതിൽ ആത്മഹത്യ: കേസെടുത്ത് മനുഷ്യാവകാശ കമ്മിഷൻ

Thursday 10 October 2024 12:17 AM IST

കാസർകോട്: ഗതാഗത തടസ്സമുണ്ടാക്കിയെന്ന് ആരോപിച്ച് പൊലീസ് കസ്റ്റഡിയിലെടുത്ത ഓട്ടോറിക്ഷ 5 ദിവസം കഴിഞ്ഞിട്ടും വിട്ടുകിട്ടാത്തതിൽ മനംനൊന്ത് സമൂഹമാധ്യമത്തിൽ കുറിപ്പിട്ട ശേഷം ഡ്രൈവർ ആത്മഹത്യ ചെയ്ത സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. കാസർകോട് ജില്ലാ പൊലീസ് മേധാവി അന്വേഷണം നടത്തി ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. കാസർകോട് ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന അടുത്ത സിറ്റിംഗിൽ കേസ് പരിഗണിക്കും.

കർണാടക മംഗളുരു പാണ്ഡേശ്വരയിലെ അബ്ദുൾ സത്താറാണ് (60) മരിച്ചത്. പത്രവാർത്തയുടെ അടിസ്ഥാനത്തിലാണ് കമ്മിഷൻ കേസെടുത്തത്. സംഭവത്തിൽ കാസർകോട് എസ്.ഐയെ ചന്തേര സ്റ്റേഷനിലേക്ക് സ്ഥലം മാറ്റിയിരുന്നു. കാസർകോട് റെയിൽവേ സ്റ്റേഷന് സമീപം താമസിച്ചാണ് അബ്ദുൾ സത്താർ നഗരത്തിൽ ഓട്ടോറിക്ഷ ഓടിക്കുന്നത്.