സച്ചിത റൈക്കെതിരേ കേസെടുത്ത് ബദിയടുക്ക പൊലീസും

Thursday 10 October 2024 12:17 AM IST
Logo

കാസർകോട്: സി.പി.സി.ആർ.ഐയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതിയായ മുൻ ഡി.വൈ.എഫ്.ഐ നേതാവായ ഷേണി, ബെൽത്തകല്ലുവിലെ സച്ചിത റൈക്കെതിരെ ബദിയഡുക്ക പൊലീസും കേസെടുത്തു. കർണ്ണാടക എക്സൈസിൽ ജോലി വാഗ്ദാനം ചെയ്ത് ബാഡൂരിലെ മല്ലേഷിൽ നിന്നും ഒരു ലക്ഷം രൂപ തട്ടിയെടുത്തുവെന്ന പരാതിയിലാണ് കേസ്.

ജോലി തരപ്പെടുത്താൻ രണ്ടരലക്ഷം രൂപയാണ് സച്ചിത ആവശ്യപ്പെട്ടതെന്നു മല്ലേഷ് നൽകിയ പരാതിയിൽ പറയുന്നു. ഒരു ലക്ഷം രൂപ 2023 ഒക്ടോബർ 13ന് സച്ചിതയുടെ അക്കൗണ്ടിലേക്ക് അയച്ചു കൊടുത്തുവെന്നും പിന്നീട് അരലക്ഷം രൂപ കൂടി ആവശ്യപ്പെട്ടുവെങ്കിലും ജോലി ശരിയായാൽ നൽകാമെന്നും അറിയിച്ചു. ഇതിനിടയിലാണ് കിദൂർ, പതക്കൽ ഹൗസിലെ നിഷ്മിത ഷെട്ടിയുടെ പരാതിയിൽ ബാഡൂർ എ.എൽ.പി സ്കൂ‌ൾ അദ്ധ്യാപിക കൂടിയായ സച്ചിതയ്‌ക്കെതിരേ കുമ്പള പൊലീസ് കേസെടുത്തത്. ഈ വിവരമറിഞ്ഞതോടെയാണ് താനും തട്ടിപ്പിനു ഇരയായതെന്ന കാര്യം മല്ലേഷിനു വ്യക്തമായതും ബദിയഡുക്ക പൊലീസിൽ പരാതി നൽകിയതും.

അതേസമയം മല്ലേഷ് പൊലീസിൽ പരാതി നൽകിയ വിവരമറിഞ്ഞ സച്ചിത റൈ ഇന്നലെ മല്ലേഷിനെ നെറ്റ് ഫോണിൽ വിളിച്ച് പരാതി പിൻവലിക്കണമെന്നും പണം തിരികെ തരാമെന്നും പറഞ്ഞു. എപ്പോൾ തരുമെന്ന് ചോദിച്ചപ്പോൾ മറുപടി ഉണ്ടായില്ലെന്ന് മല്ലേഷ് വ്യക്തമാക്കി.

ഇതിനിടയിൽ അദ്ധ്യാപക ജോലി വാഗ്ദാനം ചെയ്ത്‌ സച്ചിത റൈ തന്റെ രണ്ടരലക്ഷം രൂപ തട്ടിയെടുത്തതായി കാണിച്ച് പള്ളത്തടുക്ക, ബെള്ളംബെട്ടുവിലെ ശ്വേത ബദിയഡുക്ക പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ശ്വേത നേരത്തെ സച്ചിത ജോലി ചെയ്തിരുന്ന ബാഡൂർ എ.എൽ.പി സ്‌കൂളിൽ താത്കാലിക അദ്ധ്യാപികയായി ജോലി ചെയ്തിരുന്നു. കേന്ദ്രീയ വിദ്യാലയത്തിൽ സ്ഥിരം അദ്ധ്യാപക ജോലി തരപ്പെടുത്തിത്തരാമെന്ന് പറഞ്ഞ് 2024 സെപ്‌തംബർ 21ന് രണ്ടരലക്ഷം രൂപ കൈപ്പറ്റിയതായി ശ്വേത പരാതിയിൽ പറഞ്ഞു. ബാങ്ക് അക്കൗണ്ടിലേക്കാണ് പണം അയച്ചത്.

അതേസമയം സച്ചിതയ്ക്കെതിരെ കൂടുതൽ പരാതികൾ വരാൻ സാദ്ധ്യതയുണ്ടെന്നാണ് സൂചന. സച്ചിത റൈയെ സി.പി.എമ്മിൽ നിന്നു പുറത്താക്കിയതായി സി.പി.എം കുമ്പള ഏരിയ സെക്രട്ടറി സി.എ സുബൈർ അറിയിച്ചിട്ടുണ്ട്.