റേഷൻ മസ്റ്ററിംഗ് 25 വരെ

Thursday 10 October 2024 1:45 AM IST

തിരുവനന്തപുരം: മഞ്ഞ, പിങ്ക് റേഷൻ കാർഡുകാർക്കുള്ള മസ്റ്ററിംഗ് 25 വരെ നീട്ടിയതായി മന്ത്രി ജി.ആർ. അനിൽ നിയമസഭയിൽ പറഞ്ഞു. രണ്ടുമാസം കൂടി സമയം നീട്ടാൻ കേന്ദ്രത്തിന് കത്ത് നൽകും. 79.79 ശതമാനം പേർ മസ്റ്ററിംഗ് നടത്തി. കിടപ്പുരോഗികൾ, ഇ-പോസിൽ വിരലടയാളം പതിയാത്തവർ, പത്ത് വയസിൽ താഴെയുള്ളവർ എന്നിവരെ ആദ്യഘട്ടത്തിൽ ഒഴിവാക്കിയിരുന്നു. രണ്ടാംഘട്ടത്തിൽ റേഷൻ വ്യാപാരികളുടെ സഹായത്തോടെ വീടുകളിലെത്തി ഐറിസ് സ്കാനറുപയോഗിച്ച് അപ്ഡേഷൻ നടത്തും.

മറ്റ് സംസ്ഥാനങ്ങളിൽ പഠിക്കുന്നവർക്ക് അവിടങ്ങളിലെ പൊതുവിതരണ കേന്ദ്രങ്ങളിൽ മസ്റ്ററിംഗ് നടത്താം. ഇതിന് കഴിയാത്തവർക്ക് നിശ്ചിത സമയത്തിനകം നാട്ടിലെത്തി മസ്റ്ററിംഗ് പൂർത്തിയാക്കാം. തൊഴിലാവശ്യത്തിന് വിദേശത്ത് താമസിക്കുന്നവർക്ക് നോൺ റസിഡന്റ് കേരള സ്റ്റാറ്റസ് നൽകി കാർഡിൽ നിലനിറുത്തും. ഇവർ മസ്റ്ററിംഗിനായി അടിയന്തരമായി നാട്ടിലെത്തേണ്ടതില്ല. മസ്റ്ററിംഗിനു ശേഷം മുൻഗണനാ പട്ടികയിലുണ്ടാവുന്ന ഒഴിവുകളിൽ അർഹരെ ഉൾപ്പെടുത്തുമെന്നും ഇ.കെ. വിജയന്റെ ശ്രദ്ധക്ഷണിക്കലിന് മന്ത്രി മറുപടി നൽകി.