കുട്ടി സീറ്റിൽ ആശങ്കയേറെ

Thursday 10 October 2024 12:50 AM IST

പത്തനംതിട്ട : കുട്ടികൾക്ക് കാറിൽ ചൈൽഡ് സീറ്റും ബൈക്കിൽ ചൈൽഡ് ഹെൽമെറ്റും നിർബന്ധമാക്കുന്നത് ആശങ്കയോടയാണ് രക്ഷിതാക്കൾ നോക്കിക്കാണുന്നത്. നിയമങ്ങൾ പാലിച്ചില്ലെങ്കിൽ ഡിസംബർ മുതൽ മോട്ടോർ വാഹന വകുപ്പ് പിഴ ഈടാക്കുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും പലർക്കും ഇൗ കാര്യങ്ങളിൽ വ്യക്തതയില്ല. ആദ്യഘട്ടത്തിൽ മാദ്ധ്യമങ്ങൾ വഴിയും ശേഷം നേരിട്ടും ബോധവൽക്കരണം നടത്തും. നാല് വയസിന് താഴെയുള്ള കുട്ടികൾക്ക് കാറിൽ ചൈൽഡ് സീറ്റ് നിർബന്ധമാണ്.

ചൈൽഡ് സീറ്റ്

കാറിന്റെ പിൻസീറ്റിൽ മദ്ധ്യഭാഗത്തായി​ ക്രമീകരിക്കും.

സീറ്റ് ക്രമീകരി​ക്കാനുള്ള ചെലവ് : 6900

ഓൺലൈനിൽ 5000 മുതലുള്ള ബൂസ്റ്റർ സീറ്റ് ലഭ്യമാകും.

ചൈൽഡ് ഹെൽമറ്റ് വി​ല : 800 മുതൽ

ഉയരത്തിനനുസരിച്ചുള്ള സീറ്റ് ബുദ്ധിമുട്ടാകും

ഓരോ കുട്ടികളുടേയും വളർച്ച വ്യത്യസ്തമായതിനാൽ ഉയരത്തിനനുസരിച്ചുള്ള സീറ്റ് ബുദ്ധിമുട്ടാകും. 14 വയസുവരെയുള്ള കുട്ടികൾ ബൂസ്റ്റർ സീറ്റ് ഉപയോഗിക്കണമെന്നാണ് നിർദേശം. ഉയരം കൂടുതലുള്ളതും കുറഞ്ഞതുമായ കുട്ടികൾ നിരവധിയാണ്. 135 സെന്റി മീറ്റർ ഉയരം വരെയാണ് നിലവിൽ നിർദേശിച്ചിരിക്കുന്നത്.

സീറ്റ് ബെൽറ്റ് ധരിച്ചില്ലെക്കിൽ കേന്ദ്രനിയമപ്രകാരം 1000 രൂപയാണ് പിഴ. സംസ്ഥാനം ഇത് 500 ആയി കുറച്ചിരുന്നു. കുട്ടികൾക്ക് പ്രത്യേക സീറ്റ് നൽകിയില്ലെങ്കിൽ ഈ തുക പിഴയായി ചുമത്തും.

പദ്ധതി കുട്ടികൾക്ക് സുരക്ഷിതമാണെങ്കിലും അതിവേഗം നടപ്പാക്കാൻ ശ്രമിക്കരുത്. ഇതോടൊപ്പം റോഡുകളും അപകട രഹിതമാക്കണം. സുരക്ഷയുള്ള ഡ്രൈവിംഗ് പരിശീലിപ്പിക്കണം. യാത്രക്കാരോട് മോട്ടോർ വാഹന വകുപ്പ് ശത്രുതാപരമായ സമീപനം സ്വീകരിക്കരുത്. സാധാരണക്കാരന് വലി​യ തുക നൽകി ഇത് വാങ്ങി ഉപയോഗിക്കാൻ ബുദ്ധിമുട്ടാണ്. അതിനുള്ള ക്രമീകരണവും വേണം.

എ.എസ്.ഹരീഷ് കുമാർ

രക്ഷിതാവ്

ആദ്യ ഘട്ടം ബോധവൽക്കരണമാണ് നടത്തുക. മറ്റ് നടപടികൾ നടക്കുന്നതേയുള്ളു.

എച്ച് .അൻസാരി

ആർ.ടി.ഒ

കേരളത്തിന് പുറത്ത് താമസിക്കുന്നവരാണ് ബൂസ്റ്റർ സീറ്റ് ചെയ്യാനായി എത്തുന്നത്. പിന്നി​ൽ മദ്ധ്യഭാഗത്തായാണ് സീറ്റ് ക്രമീകരിക്കുക.

ബെംഗളുരു, ചെന്നൈ, ആന്ധ്ര എന്നിവിടങ്ങളിൽ നിന്നൊക്കെയുള്ളവർ നാട്ടിലെത്തുമ്പോൾ ഇതിനായി എത്താറുണ്ട്.

റിയാസ്, വ്യാപാരി