എം.പി ഫണ്ട് വിനിയോഗത്തിൽ വീഴ്ച, ഉദ്യോഗസ്ഥർക്കെതിരേ കർശന നടപടി വരും

Thursday 10 October 2024 12:02 AM IST
ജില്ലാ കളക്ടർ സ്‌നേഹിൽകുമാർ സിംഗ്.

കോഴിക്കോട്: എം.പിമാരുടെ പ്രാദേശിക വികസന ഫണ്ടിൽ നടപ്പിലാക്കുന്ന വിവിധ പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ സ്‌നേഹിൽകുമാർ സിംഗ്. അവലോകന യോഗത്തിൽ എം.പി ലാഡ്‌സ് പദ്ധതികൾ അനന്തമായി നീളുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് കളക്ടർ കടുത്ത ഭാഷയിൽ പ്രതികരിച്ചത് . ന്യായമായ കാരണങ്ങളില്ലാതെ പദ്ധതികൾ വൈകിപ്പിച്ചാൽ അതുമൂലമുണ്ടാവുന്ന അധിക സാമ്പത്തിക ബാദ്ധ്യതകൾക്ക് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഉത്തരവാദികളാകും. ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ച പദ്ധതികൾ നടപ്പിലാക്കുന്നത് അനന്തമായി നീട്ടിക്കൊണ്ടുപോവുന്നത് ഒരു കാരണവശാലും അംഗീകരിക്കാനാവില്ല. എം.പി ലാഡ്‌സ് പദ്ധതിയിൽ ആവശ്യപ്പെട്ട് 15 ദിവസത്തിനകം എസ്റ്റിമേറ്റ് സമർപ്പിക്കുകയും ഭരണാനുമതി ലഭിച്ച് 45 ദിവസത്തിനകം സാങ്കേതികാനുമതി ലഭ്യമാക്കുകയും ചെയ്യണം. പദ്ധതിയുടെ കൃത്യമായ വർക്ക് ഷെഡ്യൂൾ ബന്ധപ്പെട്ട നിർവഹണ ഉദ്യോഗസ്ഥർ സമർപ്പിക്കണം. പദ്ധതി നിർവഹണം സംബന്ധിച്ച് തെറ്റായ റിപ്പോർട്ട് നൽകിയ നിർവഹണ ഉദ്യോഗസ്ഥർക്കും സാങ്കേതിക ഉദ്യോഗസ്ഥർക്കുമെതിരേ ശിക്ഷാനടപടി കൈക്കൊള്ളുമെന്നും കളക്ടർ വ്യക്തമാക്കി. എം.പിമാരായ എം.കെ.രാഘവൻ, രാഹുൽ ഗാന്ധി, ബിനോയ് വിശ്വം, ജോസ് കെ മാണി, പി.ടി.ഉഷ, പി.വി അബ്ദുൽ വഹാബ്, അഡ്വ.ജെബി മേത്തർ, മുൻ എം.പി എളമരം കരീം എന്നിവരുടെ എം.പി ലാഡ്‌സ് വിനിയോഗിച്ചുകൊണ്ടുള്ള വിവിധ പദ്ധതികളുടെ പുരോഗതി യോഗം വിലയിരുത്തി. അസി. കളക്ടർ ആയുഷ് ഗോയൽ, ജില്ല പ്ലാനിംഗ് ഓഫീസർ ഏലിയാമ്മ നൈനാൻ, ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസർ, എം.പിമാരുടെ പ്രതിനിധികൾ തുടങ്ങിയവർപങ്കെടുത്തു.