'രക്ഷാപ്രവർത്തനം' മുഖ്യമന്ത്രിക്കെതിരെ പൊലീസ് അന്വേഷണം

Thursday 10 October 2024 4:10 AM IST

കൊച്ചി: നവകേരള യാത്രയ്‌ക്കിടയിൽ പ്രതിഷേധിച്ചവരെ ആക്രമിച്ച സംഭവങ്ങളെ 'രക്ഷാപ്രവർത്തനം' എന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ പൊലീസ് അന്വേഷണത്തിന് കോടതി ഉത്തരവ്. എറണാകുളം ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ സ്വകാര്യ അന്യായത്തിലാണ് എറണാകുളം ചീഫ് ജു‌ഡിഷ്യൽ മജിസ്ട്രേറ്റ് വി.സന്ദീപ് കൃഷ്ണയുടെ നിർദ്ദേശം.

സെൻട്രൽ പൊലീസ് എസ്.എച്ച്.ഒ അന്വേഷിച്ച് റിപ്പോർട്ട് നൽകണം. സംഭവം കോടതിയുടെ അധികാരപരിധിക്ക് പുറത്തായതിനാൽ ഈ ഘട്ടത്തിൽ നോട്ടീസ് അയയ്‌ക്കുന്നില്ലെന്നും വ്യക്തമാക്കി. ഡിസംബർ 7ന് പരിഗണിക്കും. അക്രമികളെ ന്യായീകരിക്കുകയും കുറ്റകൃത്യത്തിന് പ്രേരിപ്പിക്കുകയും ചെയ്ത മുഖ്യമന്ത്രിക്കെതിരെ കോടതി കേസെടുക്കണമെന്നായിരുന്നു ആവശ്യം. സർക്കാരിന്റെ വാദം കേട്ടിട്ടില്ല.

2023 നവംബർ 24ന് സെൻട്രൽ പൊലീസിൽ പരാതി നൽകിയെങ്കിലും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തില്ല. പൊലീസ് കമ്മിഷണർക്കും പരാതി നൽകി. നടപടിയാകാത്തതിനാലാണ് ഏപ്രിലിൽ കോടതിയെ സമീപിച്ചത്.

`പിണറായി വിജയന്റെ ധാർഷ്ട്യത്തിനേറ്റ തിരിച്ചടി.പൊലീസിൽ നിന്ന് നീതി പ്രതീക്ഷിക്കുന്നില്ല. കേസ് തേച്ചുമാച്ചു കളയാൻ ശ്രമിച്ചാൽ ശക്തമായി പ്രതിഷേധിക്കും.'

-മുഹമ്മദ് ഷിയാസ്,

ഡി.സി.സി പ്രസിഡന്റ്

`രക്ഷാ പ്രവർത്തനങ്ങൾ'

നവം.20, 2023:

കണ്ണൂർ കല്യാശേരിയിൽ യൂത്ത് കോൺഗ്രസുകാർ കരിങ്കൊടി കാട്ടി. സി.പി.എമ്മുകാർ വടിയും ഹെൽമറ്റും ചെടിച്ചട്ടിയും കൊണ്ട് മ‌ർദ്ദിച്ചു. ഒരാൾക്ക് ഗുരുതര പരിക്ക്.

നവം.30:

(മുഖ്യമന്ത്രിയുടെ വിശദീകരണത്തിന് ശേഷം)

മലപ്പുറം അരീക്കോട് കരിങ്കൊടി കാട്ടി. യുട്യൂബറേയും സുഹൃത്തിനേയും ആളുമാറി മർദ്ദിച്ചു.

ഡിസം.10:

ആലപ്പുഴ എരമല്ലൂരിൽ ബൈക്കിലെത്തിയ രണ്ട് പ്രവർത്തകർ യൂത്ത് കോൺഗ്രസുകാരെ ആക്രമിച്ചു

ഡിസം.15:

ആലപ്പുഴ ജനറൽ ആശുപത്രിക്ക് സമീപം കരിങ്കൊടി കാട്ടിയ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അജയ് ജൂവൽ കുര്യാക്കോസ്, കെ.എസ്.യു ജില്ലാ പ്രസിഡന്റ് എ.ഡി.തോമസ് എന്നിവരെ മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽകുമാറും സുരക്ഷാ ജീവനക്കാരൻ സന്ദീപും

മർദ്ദിച്ചു. ഇവർക്ക് ക്രൈംബ്രാഞ്ച് ക്ലീൻചിറ്റ് നൽകി.

വിവാദ പ്രസംഗം

''ഞാൻ കണ്ടു കൊണ്ടിരിക്കുകയല്ലേ... എന്താണ് നടക്കുന്നത്? ഒരാൾ ഇതിന്റെ മേലെ ചാടി

വരികയാണ്. ചില ചെറുപ്പക്കാർ പിടിച്ചു മാറ്റുന്നുണ്ട്. തള്ളി മാറ്റുന്നുണ്ട്. അത് ജീവൻ രക്ഷിക്കാനല്ലേ? ജീവൻ അപകടപ്പെടുത്തുന്ന തരത്തിൽ ചാടി വരുമ്പോ ബലം പ്രയോഗിച്ചു തന്നെ മാറ്റണമല്ലോ? ആ മാറ്റലാണ് നടക്കുന്നത്. വേദന പറ്റുമോ എന്ന് നോക്കിയിട്ട് കാര്യമില്ല. തീവണ്ടി വരുന്നു. ഒരാൾ പോയി അവിടെ കിടന്നു.അയാളെ എടുത്തങ്ങ് എറിയില്ലേ ചിലപ്പോ. ആ ജീവൻ രക്ഷാ രീതിയാണ് ‌ഡി.വൈ.എഫ്.ഐക്കാർ സ്വീകരിച്ചത്. അത് മാതൃകാപരമായിരുന്നു. അതു തുടരണമെന്നാണ് എനിക്ക് അഭ്യർത്ഥിക്കാനുള്ളത്''.