കോർപ്പറേഷൻ ഭൂമി തർക്കഭൂമിയാക്കുന്നു: ബി.ജെ.പി

Thursday 10 October 2024 12:13 AM IST
ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്.

കോഴിക്കോട്: കോർപ്പറേഷൻ ഉടമസ്ഥതയിലുളള ഭൂമി കൈവശപ്പെടുത്താൻ വഖഫ് ബോർഡ് നടത്തുന്ന തെറ്റായ അവകാശവാദത്തിന് ഭരണ, പ്രതിപക്ഷങ്ങൾ കൂട്ടുനിൽക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്. കിഴക്കേ നടക്കാവിലെ തർക്കഭൂമിയെന്ന് പറയുന്ന കോർപ്പറേഷന്റെ ക്വാട്ടേഴ്‌സുകളും അങ്കണവാടിയും നിലനിന്ന സ്ഥലം സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കിഴക്കേ നടക്കാവിലെ 35 സെന്റ് ഭൂമിക്കാണ് വഖഫ് ബോർഡ് അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. കോർപ്പറേഷൻ നികുതി അടച്ചുവരുന്ന ഭൂമി സംരക്ഷിക്കേണ്ടവർ ഭൂമി വിട്ടു നൽകാൻ തയ്യാറായതുപോലെയാണ് പെരുമാറുന്നത്. ഇന്ത്യയിലുടനീളവും കേരളത്തിലും വ്യാപകമായി പൊതു മേഖലയിലെയും സ്വകാര്യ മേഖലയിലെയും ഭൂമി വഖഫ് ഭൂമിയാണെന്ന് പറഞ്ഞു ഏറ്റെടുക്കാൻ വഖഫ് ബോർഡ് ശ്രമം നടത്തുകയാണ്. വഖഫ് ബോർഡിന്റെ അവകാശ വാദത്തിനെതിരെ കോർപ്പറേഷൻ ഹൈക്കോടതിയെ സമീപിക്കണമെന്നും ഇല്ലാത്തപക്ഷം ബി.ജെ.പി നിയമ നടപടികളിലേക്ക് കടക്കുമെന്നും അദ്ദേഹം പറഞ്ഞു.