മുഖ്യമന്ത്രിയോട് ഗവർണർ: `അധികാരം കാട്ടിത്തരാം' കടുത്ത നിലപാടിൽ മുഖ്യമന്ത്രി
മുഖ്യമന്ത്രി കള്ളം പറയുന്നു:ഗവർണർ
പ്രതിഷേധിച്ച് മുഖ്യമന്ത്രിയുടെ കത്ത്
തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് വിശ്വാസ്യതയില്ലെന്നും രാഷ്ട്രീയലാഭത്തിനായി അസത്യം പറയുന്നെന്നും കടന്നാക്രമിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ശക്തമായി പ്രതിഷേധിച്ചും തന്നെ മറികടക്കുന്ന ഗവർണറുമായി ചർച്ച ഇല്ലെന്നും കടുപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വർണക്കടത്ത്, ഹവാല പണം നിരോധിതസംഘടനകൾക്ക് ലഭിക്കുന്നെങ്കിൽ ആരാണ് തടയേണ്ടത് ? ക്രമസമാധാനം സംസ്ഥാന വിഷയമാണ്. രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ തടയാൻ എനിക്ക് എല്ലാ അധികാരവുമുണ്ട്. എന്റെ അധികാരം ഉടനേ അറിയാം - ഗവർണർ മാദ്ധ്യമങ്ങളോട് തുറന്നടിച്ചു. പി.ആർ വിവാദത്തിൽ, പറയാത്തത് അച്ചടിച്ചെങ്കിൽ പത്രത്തിനെതിരേ നിയമനടപടി എടുക്കാത്തതെന്ത്? പി.ആർ.ഏജൻസിയുമായി ബന്ധമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. പി.ആർ ഏജൻസിയാണ് അഭിമുഖം വാഗ്ദാനം ചെയ്തതെന്ന് ഹിന്ദു വെളിപ്പെടുത്തി. ഹിന്ദുവിനെ ആരാണ് ബന്ധപ്പെട്ടത്?. അഭിമുഖം വാഗ്ദാനം ചെയ്തതാര്? മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് പി.ആർ.ഏജൻസിയുടെ രണ്ടുപേർ എന്തിന് ഒപ്പമിരുന്നു? പറഞ്ഞത് ശരിയാണെന്ന് തെളിയിക്കാൻ മുഖ്യമന്ത്രിക്കായോ? 'സ്വർണം, ഹവാല കടത്ത് നാടിനെതിരായ കുറ്റമാണെന്ന' മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിലെ വാക്കുകൾ ഗവർണർ വായിച്ചു. 'രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ ഗവർണറെ അറിയിക്കാതെ ഒളിച്ചതെന്തിന് ? അത് തടയാനല്ലെങ്കിൽ ഗവർണർ എന്തിനാണ് ? സ്വർണക്കടത്ത്, ഹവാല പണം നിരോധിത സംഘടനകൾക്ക് ഫണ്ടാവുന്നു. മുഖ്യമന്ത്രിയും പൊലീസ് വെബ്സൈറ്റും ഇത് വ്യക്തമാക്കുന്നു. മുഖ്യമന്ത്രിക്ക് എന്തോ ഒളിക്കാനുണ്ട്. അതിനാലാണ് തെറ്രിദ്ധരിപ്പിക്കുന്ന മറുപടി നൽകിയത്. സ്വർണക്കടത്തിൽ മുഖ്യമന്ത്രിയുടെ സെക്രട്ടറി അറസ്റ്റിലായി. ഗവർണറെ വിവരങ്ങൾ അറിയിക്കേണ്ടത് മുഖ്യമന്ത്രിയുടെ ഭരണഘടനാ ചുമതലയാണ്. രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയം എന്നെ അറിയിക്കേണ്ടതല്ലേ? വളരെ ഗുരുതരമാണിത്. ഇക്കാര്യം രാഷ്ട്രപതിയെ അറിയിക്കും. രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന വ്യക്തികളുടെയും സംഘടനകളുടയും വിവരം തേടിയിട്ടും നൽകിയില്ല. ഇത്തരം ശക്തികളുടെ രക്ഷാധികാരിയാണ് മുഖ്യമന്ത്രി - ഗവർണർ ആരോപിച്ചു.
ഗവർണറുമായി ചർച്ച ഇല്ല - മുഖ്യമന്ത്രി
തനിക്ക് എന്തോ ഒളിക്കാനുണ്ടെന്ന ഗവർണറുടെ ആരോപണം കഴമ്പില്ലാത്തതാണെന്നും ശക്തമായി വിയോജിക്കുന്നെന്നും പ്രതിഷേധമറിയിക്കുന്നെന്നും കാട്ടി മുഖ്യമന്ത്രി ഗവർണർക്ക് കത്തുനൽകി. കേരളത്തിൽ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നെന്ന് താൻ പറഞ്ഞിട്ടില്ല. ഗവർണറെ തെറ്റിദ്ധരിപ്പിച്ചതാവാം. വസ്തുത വളച്ചൊടിച്ചതും ആവാം. അഭിമുഖത്തിൽ തന്റേതല്ലാത്ത ഭാഗം വന്നതിന് ഹിന്ദു പത്രം ഖേദംപ്രകടിപ്പിച്ചു. അതിൽ ഇനി വിശദീകരണം ആവശ്യമില്ല.
വിമാനത്താവളങ്ങളിലെ സ്വർണക്കടത്ത് പൊലീസ് പിടിച്ചതിന്റെ കണക്കാണ് താൻ പറഞ്ഞത്. രാജ്യത്തിനും സംസ്ഥാനത്തിനുമെതിരായ സ്വർണക്കടത്തിലും മറ്റ് കുറ്റകൃത്യങ്ങളിലും ശക്തമായ നടപടിവേണമെന്നാണ് പറഞ്ഞത്. കസ്റ്റംസാണ് സ്വർണക്കടത്ത് തടയേണ്ടത്. സ്വർണക്കടത്ത് ക്രമസമാധാന പ്രശ്നങ്ങൾക്കും നികുതിചോർച്ചയ്ക്കും ഇടയാക്കിയപ്പോഴാണ് പൊലീസ് ഇടപെട്ടത്. വിമാനത്താവളത്തിൽ നിന്ന് കള്ളക്കടത്ത് സ്വർണം പുറത്തെത്തുന്നത് സർക്കാരിന്റെയല്ല, കസ്റ്റംസിന്റെ വീഴ്ചയാണ്. ഇത് കേന്ദ്രത്തെ അറിയിക്കുകയാണ് ഗവർണർ ചെയ്യേണ്ടത്. മുഖ്യമന്ത്രിയെ മറികടന്നാണ് ചീഫ്സെക്രട്ടറിയെയും ഡിജിപിയെയും വിളിപ്പിച്ചതെന്ന് ആവർത്തിക്കുന്നു. ഗവർണറുമായി തുടർചർച്ചകൾക്ക് ഉദ്ദേശിക്കുന്നില്ല.