3 നില പാർപ്പിടങ്ങളിൽ വരെ ഷീറ്റിട്ടാൽ നിർമ്മാണമല്ല

Thursday 10 October 2024 1:43 AM IST

തിരുവനന്തപുരം: പത്തു മീറ്റർ ഉയരമുള്ള മൂന്നു നില വരെയുള്ള വീടുകളിൽ 1.8 മീറ്റർ വരെ ഉയരത്തിൽ ഷീറ്റോ ചരിഞ്ഞ മേൽക്കൂരയോ ഇട്ടാൽ നിർമ്മാണമായി കണക്കാക്കില്ലെന്ന് മന്ത്രി എം.ബി. രാജേഷ് നിയമസഭയിൽ പറഞ്ഞു. എന്നാൽ, പെർമിറ്റ് ഫീസ് കണക്കാക്കാൻ വിസ്തൃതി പരിഗണിക്കും. പാർപ്പിടങ്ങൾക്ക് മാത്രമാണ് ഈ ഇളവ് ബാധകം.

ഇങ്ങനെ ഷീറ്റിടുന്നത് മഴയിൽ നിന്ന് സംരക്ഷണത്തിനായിരിക്കണം. താമസത്തിനുപയോഗിക്കരുത്.

ഷീറ്റിടുന്ന ടെറസിന്റെ എല്ലാവശവും തുറന്നിരിക്കണം. മതിൽ, ഗ്രിൽ, ജനൽ, ഷട്ടർ എന്നിവയുപയോഗിച്ച് അടയ്ക്കരുത്. എന്നാൽ, 1.2 മീറ്റർ വരെയുള്ള പാരപ്പെറ്റ് മതിൽ, വാട്ടർ ടാങ്ക്, മഴവെള്ള സംഭരണിക്കുള്ള ക്രമീകരണങ്ങൾ എന്നിവയാവാം. ഇതുസംബന്ധിച്ച പരാതികളിൽ റിപ്പോർട്ട് നൽകാൻ ജില്ലാ ജോയിന്റ് ഡയറക്ടർമാരോട് നിർദ്ദേശിച്ചിട്ടുണ്ട് . ഈ പരിധിയിൽ വരാത്ത കെട്ടിടങ്ങളിൽ ഷീറ്റ് മേൽക്കൂര സ്ഥാപിച്ചാൽ മറ്റൊരു നിലയായി കണക്കാക്കുമെന്നും യു.എ. ലത്തീഫിന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.